വിജയം സമ്മാനിച്ചതിൽ പിണറായി വിജയൻ സർക്കാരിന് വലിയ പങ്ക്- കെ.സി വേണുഗോപാൽ

ന്യൂഡൽഹി: തദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം സമ്മാനിച്ചതിൽ പിണറായി വിജയൻ സർക്കാരിന് വലിയ പങ്കുണ്ടെന്ന് കെ.സി വേണു​ഗോപാൽ. സമാനതകൾ ഇല്ലാത്ത വിജയമാണ് യു.ഡി.എഫിന് ലഭിച്ചത്. ഭരണത്തിന്റെ എല്ലാ പ്രയാസങ്ങളും ഏറ്റുവാങ്ങിയാണ് പ്രതിപക്ഷം നിൽക്കുന്നത്, അതിനെ എല്ലാം അതിജീവിച്ചാണ് യു.ഡി.എഫ് വിജയം നേടിയത്.

14 ഡിസിസികളും കോർ കമ്മിറ്റികളും അഹോരാത്രം പ്രവർത്തിച്ചു. പോളിങ് ദിവസം വരെ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നുവെന്നും ഇതെല്ലാം അതിജീവിച്ച നേടിയ വലിയ വിജയത്തിൽ കോൺഗ്രസ്‌ പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു.

ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് പിണറായി വിജയൻ സർക്കാർ നോക്കുന്നത്. ഇത്രയും വെറുപ്പ് സമ്പാദിച്ച സർക്കാർ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുഖ്യമന്ത്രി എടുക്കുന്ന നിലപാടിൽ അണികൾക്ക് വരെ ആശങ്കയുണ്ട്. മോദി സർക്കാർ എടുക്കുന്ന നിലപാട് അവര് നടപ്പിലാക്കും മുൻപേ നടപ്പിലാക്കുകയാണ്. തൃശൂർ പാർലമെന്റിന് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പിക്ക്‌ ലഭിക്കാൻ കാരണം മുഖ്യമന്ത്രിയാണ്. പി.എം ശ്രീ, ദേശീയ പാത, ലേബർ കോഡ് എന്നിവയിൽ മുഖ്യമന്ത്രി എടുത്ത സമീപനം സി.പി.എം പ്രവർത്തകരെ ബി.ജെ.പിക്ക് വോട്ട് ചെയ്യിക്കുകയായിരുന്നു. ബി.ജെ.പിയോട് സോഫ്റ്റായ സമീപനം നേതാക്കൾക്ക് ആവാമെങ്കിൽ അണികൾക്ക് എന്തുകൊണ്ട് ആയിക്കൂട എന്നാണ് അവർ ചിന്തിച്ചത്.

കേന്ദ്രത്തിന് കീഴടങ്ങിയ നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്‍റേത്. മോദി സർക്കാരിന് സറണ്ടർ ചെയ്യുന്ന സമീപനമായിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഡൽഹി കൂടിക്കാഴ്ചകൾക്ക് വലിയ മാനങ്ങളുണ്ട്. അമിത് ഷയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മറ്റ് മാനങ്ങളുണ്ടെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. പ്രത്യേകിച്ച് ഉദ്യോഗസ്ഥർ ഇല്ലാതെ നടത്തിയ കൂടിക്കാഴ്ച.

കേരളം ബി.ജെ.പിയിലേക്ക് എന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇത് തെറ്റാണെന്നും ബി.ജെ.പിയുടെ തന്ത്രമാണെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan government played a major role in delivering victory - K.C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.