ഓണ്‍ലൈന്‍ പെണ്‍വാണിഭം: സ്ത്രീകളെ വിദേശത്തേക്ക് അയച്ചത് സന്ദര്‍ശക വിസയില്‍

തിരുവനന്തപുരം: പിടിയിലായ ഓണ്‍ലൈന്‍  പെണ്‍വാണിഭസംഘം സ്ത്രീകളെ വിദേശത്തേക്ക് കയറ്റിവിട്ടിരുന്നത് സന്ദര്‍ശക വിസയിലായിരുന്നെന്ന് പൊലീസ്. മുഖ്യ പ്രതികളിലൊരാളായ അക്ബറാണ് സ്ത്രീകളെ കയറ്റിയയച്ചിരുന്നത്. ഒരാളെ കയറ്റിവിടുന്നതിന് ഒരു ലക്ഷം രൂപയോളം കമീഷന്‍ ലഭിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വിദേശത്തേക്ക് അയക്കുന്ന സ്ത്രീകള്‍ക്കായി ഇയാള്‍ അവിടെ ഇടപാടുകാരെ തരപ്പെടുത്തുകയായിരുന്നു. പെണ്‍വാണിഭ ഇടപാടുകളില്‍ പലതിലും സംഘത്തില്‍പെട്ട മുബീന വഴിയാണ് പണമിടപാടുകള്‍ നടന്നിരുന്നതെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് രാഹുല്‍ പശുപാലന്‍ വഴി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ജോഷി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പെണ്‍കുട്ടികളെ ചതിയില്‍പെടുത്തിയും പിന്നീട് ഭീഷണിപ്പെടുത്തിയുമാണ് സംഘത്തോടൊപ്പം നിര്‍ത്തിയിരുന്നത്. ജോഷിയും അക്ബറും പങ്കാളികളായി നേരത്തേ കച്ചവടം നടത്തിയിരുന്നെന്നും അത് പൊളിഞ്ഞെന്നും ജോഷി ചോദ്യംചെയ്യലില്‍ അറിയിച്ചു. ജോഷിക്കൊപ്പം പിടിയിലായ അനൂപ് പെണ്‍വാണിഭ സംഘത്തിന്‍െറ സാങ്കേതിക വിദഗ്ധന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഫേസ്ബുക് പേജ് കൈകാര്യം ചെയ്തിരുന്നതും ഫോട്ടോ സെര്‍ച് നടത്തിയിരുന്നതുമൊക്കെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ അനൂപാണെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളെ മാപ്പുസാക്ഷിയാക്കുന്നതിനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. ജോഷിയുടെ സഹായികളായ മറ്റു രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിലൊരാള്‍ ജിനോ എന്നുപേരുള്ളയാളാണ്. ഇയാളാണ് നെടുമ്പാശ്ശേരിയില്‍ മുബീനയും മറ്റും വന്ന കാര്‍ ഓടിച്ചിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.