സമത്വ മുന്നേറ്റ യാത്ര ജലസമാധി യാത്രയാകും -വി.എസ്

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റയാത്ര കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം ശംഖുംമുഖത്ത് എത്തുമ്പോഴേക്കും ജലസമാധിയാകുമെന്ന് വി.എസ്. അച്യുതാനന്ദന്‍. എസ്.എന്‍.ഡി.പി ശാഖ അംഗങ്ങളും എസ്.എന്‍ ട്രസ്റ്റ് അംഗങ്ങളും ചേര്‍ന്ന് വെള്ളാപ്പള്ളിയുടെ അഴിമതിക്കെതിരെ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമത്വമുന്നേറ്റയാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം സംഘ്പരിവാറിന്‍െറ  നിക്കറും വെള്ള ഷര്‍ട്ടുമാകുമെന്ന് വി.എസ് പരിഹസിച്ചു.
കഴുത്തില്‍ ആര്‍.എസ്.എസിന്‍െറ താല്‍പര്യം ഷാളായി അണിഞ്ഞാണ് വെള്ളാപ്പള്ളി കാസര്‍കോട് നിന്ന് തെക്കോട്ട് ജാഥ നടത്തുന്നത്. ജാഥയുടെ ഭാഗമായി കുറേ മുദ്രാവാക്യങ്ങള്‍ വെള്ളാപ്പള്ളി ഉയര്‍ത്തുന്നുണ്ട്. അനധികൃത സ്വത്ത് കണ്ടത്തെണം എന്നതാണ് വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയിലെ പ്രധാന മുദ്രാവാക്യം. അതാകട്ടെ ആറാമത്തെ ഐറ്റമാണ്. അനധികൃത സ്വത്തുകള്‍ കൈവശം വെച്ചിട്ടുള്ള നടേശന്‍ ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ അവ മുഖ്യമന്ത്രിയെ എല്‍പ്പിക്കണം. എന്നാല്‍ മാത്രമേ ജാഥയില്‍ ഉയര്‍ത്തിയ ഈ മുദ്രാവാക്യം അര്‍ഥവത്താകൂ. അധ്യാപകരെയും അനധ്യാപകരെയും നിയമിച്ച വകയിലും മൈക്രോഫിനാന്‍സ് വഴിയും 5015 കോടി രൂപയാണ് നടേശന്‍െറ കൈയില്‍ ഉള്ളത്. ഇത് കോഴപ്പണമാണ്.  

ശംഖുംമുഖത്ത് അവസാനിക്കുമ്പോള്‍ നാണക്കേടിന്‍െറ അവസാനത്തില്‍ നടേശന്‍ എത്തും. പിന്നെ കടലില്‍ ചാടുകയേ നിവൃത്തിയുണ്ടാകൂ. അപ്പോള്‍ കൂടെയുള്ള അണികള്‍ ശുഭം എന്ന് പറയേണ്ട അവസ്ഥ വരും. ഇങ്ങനെയുള്ള കബളിപ്പിക്കല്‍ ജാഥ ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ളെന്ന് വി.എസ് പറഞ്ഞു. എസ്.എന്‍.ഡി.പി മുന്‍ പ്രസിഡന്‍റ് വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ , ഇലങ്കമണ്‍ സുദര്‍ശനന്‍, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി ജോഷി വാസു, നേതാക്കളായ കിളിമാനൂര്‍ ചന്ദ്രബാബു, ചെറുന്നിയൂര്‍ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.