കോട്ടയം: ജില്ലയിലെ ആറു നഗരസഭകളിൽ നാലിടത്ത് യു.ഡി.എഫിന് ചെയർമാൻ സ്ഥാനം. രണ്ടിടത്ത് എൽ.ഡി.എഫിന് ഭരണം. കോട്ടയം, പാലാ, ഏറ്റുമാനൂർ, ചങ്ങനാശേരി നഗരസഭകളിൽ യു.ഡി.എഫ് പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈക്കം, ഈരാറ്റുപേട്ട നഗരസഭകളാണ് എൽ.ഡി.എഫിന് ലഭിച്ചത്. കോട്ടയം നഗരസഭയിൽ വൈസ്ചെയർമാൻ സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് അഞ്ചംഗങ്ങളുള്ള കേരള കോൺഗ്രസ് വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു.
അതേസമയം, കോട്ടയത്ത് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്ന ബി.ജെ.പി–സമത്വമുന്നണി വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ മത്സരിച്ചു.
വൈക്കത്ത് ബി.ജെ.പിയുടെ രണ്ടംഗങ്ങളും ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയുടെ നാലംഗങ്ങളും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പാലായിൽ ബി.ജെ.പിയിലെ ഏകഅംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ചങ്ങനാശേരിയിൽ നാലംഗങ്ങളുള്ള ബി.ജെ.പിയും മത്സരിച്ചപ്പോൾ ഒരു സ്വതന്ത്രൻ എൽ.ഡി.എഫിന് വോട്ട് ചെയ്തു. മറ്റൊരു സ്വതന്ത്രാംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഏറ്റുമാനൂരിൽ നാല് കോൺഗ്രസ് വിമതരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണത്തിലേറിയത്. അഞ്ചംഗങ്ങളുള്ള ബി.ജെ.പിയും ഇവിടെ മത്സരിച്ചു.
ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളിലേക്ക് വിജയിച്ച ചെയർമാൻ/വൈസ് ചെയർമാന്മാരുടെ പട്ടിക. നഗരസഭ, ചെയർമാൻ, വൈസ് ചെയർമാൻ എന്ന ക്രമത്തിൽ
കോട്ടയം: പി.ആർ. സോന (കോൺ.), ജാൻസി ജേക്കബ് (കോൺ.).
വൈക്കം: എൻ. അനിൽ ബിശ്വാസ് (സി.പി.ഐ), എ.സി. മണിയമ്മ (സി.പി.എം)
ഈരാറ്റുപേട്ട: ടി.എം. റഷീദ് (സി.പി.എം), കുഞ്ഞുമോൾ സിയാദ് (കേരള കോൺ. സെക്യുലർ)
പാലാ: ലീന സണ്ണി (കേരള കോൺ. എം), കുര്യാക്കോസ് പടവൻ (കേരള കോൺ. എം)
ചങ്ങനാശേരി: സെബാസ്റ്റ്യൻ മാത്യു മണമേൽ (കോൺ.), എൽസമ്മ ജോബ് (കേരള കോൺ.എം)
ഏറ്റുമാനൂർ: ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ (കോൺ.), റോസമ്മ സിബി (കേരള കോൺ. എം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.