സത്യസന്ധമായ മൊഴി നൽകിയാൽ മുഖ്യമന്ത്രി അടക്കമുള്ളവർ രാജിവെക്കേണ്ടിവരും -ബിജു രാധാകൃഷ്ണൻ

കൊച്ചി: സോളാർ കേസിൽ സത്യസന്ധമായ മൊഴി നൽകിയാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി  അടക്കമുള്ളവർ രാജിവെക്കേണ്ടി വരുമെന്ന് മുഖ്യപ്രതി ബിജു രാധാകൃഷ്ണൻ. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ മുമ്പാകെയാണ് ബിജു ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പരസ്പര പങ്കാളിത്തത്തോടെ ഖജനാവിന് വൻ നഷ്ടം വരുത്തി. ഇവർ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ഖജനാവിന്  നഷ്ടം വന്നിട്ടില്ലെന്ന വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ബിജു  മൊഴി നൽകി.

മുഖ്യമന്ത്രിയുമാ‍യി നടത്തിയ കൂടിക്കാഴ്ച, സരിതയും ഗണേഷ് കുമാറും തമ്മിലുള്ള ബന്ധം, ബിസിനസിൽ നിന്നും ലഭിച്ച പണം ശാലു മേനോനായി ചെലവാക്കിയത്  എന്നീ കാര്യങ്ങൾ വിശദമായി തനിക്ക് പറയാനുണ്ടെന്നും അദ്ദേഹം കമീഷനോട് വ്യക്തമാക്കി. നവംബർ 30, ഡിസംബർ 1 തിയതികളിൽ ബിജുവിനെ വീണ്ടും കമീഷനു മുന്നിൽ ഹാജരാക്കും. മാധ്യമങ്ങളോട് തനിക്ക് പത്ത് മിനിട്ട് സംസാരിക്കണമെന്നും അനുവദിക്കണമെന്നും ബിജു ആവശ്യപ്പെട്ടെങ്കിലും കമീഷൻ അനുവദിച്ചില്ല.

കഴിഞ്ഞ ദിവസം ബിജുവിനെ ഹാജരാക്കാൻ സോളാർ കമ്മിഷന്‍ നോട്ടീസ് നല്‍കിയെങ്കിലും ജയില്‍ സൂപ്രണ്ട് വീഴ്ച വരുത്തുകയായിരുന്നു. കമ്മീഷനോട് അനാദരവ് കാട്ടിയ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടിയിട്ടുണ്ട്. അതേ സമയം, ജയില്‍ സൂപ്രണ്ടും ബിജു രാധാകൃഷ്ണനുമായി ജയിലില്‍ വച്ച് നിരവധി തവണ രഹസ്യ ചര്‍ച്ച നടത്തിയ വിവരം പുറത്തുവന്നിരുന്നു. ഭാര്യ രശ്മിയെ കൊന്ന കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുകയാണു ബിജു രാധാകൃഷ്ണൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.