മരങ്ങൾ മുറിക്കാൻ അനുവദിച്ചാൽ ബോണസ്​ നൽകാമെന്ന് ഹാരിസൺസ്​

പത്തനംതിട്ട: കൈവശ ഭൂമിയിലെ ഒരുലക്ഷത്തോളം മരങ്ങൾ മുറിക്കാൻ അനുവദിച്ചാൽ തൊഴിലാളികൾക്ക് ബോണസും ആനുകൂല്യങ്ങളും നൽകാമെന്ന വാഗ്ദാനവുമായി ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനി. 10 കോടി രൂപയിലേറെ വിലമതിക്കുന്ന മരങ്ങൾ മുറിക്കാനാണ് കമ്പനി അനുമതി തേടുന്നത്. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിന്നടക്കം മരംമുറിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽനിന്ന് മരംമുറിക്കാൻ അനുമതി നൽകുന്നവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ടിവരുമെന്ന നിയമോപദേശം ലഭിച്ചതോടെ കമ്പനിയുടെ ആവശ്യം പരിഗണിക്കാൻ നവംബർ 11ന് നിശ്ചയിച്ച യോഗം മുഖ്യമന്ത്രി മാറ്റിയിരുന്നു. കമ്പനിയുടെ ആവശ്യം സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവന്നത് തൊഴിൽ മന്ത്രി ഷിബു ബേബിജോണാണ്.

മന്ത്രിമാരായ ഷിബു ബേബിജോൺ, കെ.എം. മാണി, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, ഹാരിസൺസിനെ പ്രതിനിധീകരിച്ച് പ്രസിഡൻറ് സി. വിനയരാഘവൻ, ദക്ഷിണേന്ത്യൻ തോട്ടം ഉടമകളുടെ സംഘടനയായ യുനൈറ്റഡ് പ്ലാേൻറഴ്സ് അസോ. ഓഫ് സൗത് ഇന്ത്യ (ഉപാസി)യെ പ്രതിനിധീകരിച്ച് ഹാരിസൺസ് വൈസ് പ്രസിഡൻറ് എൻ. ധർമരാജ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. നവംബർ 10ന് കെ.എം. മാണി രാജിവെച്ചത് കണക്കിലെടുത്ത് യോഗം മാറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു.

തെക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഹാരിസൺസിെൻറ കൈവശമുള്ള 30,000 ഏക്കർ ഭൂമി ഏറ്റെടുത്ത് 2014 ഡിസംബറിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. അതോടെ ഭൂമിയിൽ ഹാരിസൺസിന് അവകാശമില്ലാതായി. സർക്കാർ നടപടി ചോദ്യം ചെയ്ത് കമ്പനി നൽകിയ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടുമില്ല. അതിനാൽ ഭൂമിയിലെ മരംമുറിക്കാൻ കമ്പനിക്ക് അവകാശമില്ല. മറ്റ് ജില്ലകളിൽ 70,000 ഏക്കറോളം ഭൂമി കമ്പനിക്കുണ്ട്. അതിനായി കാട്ടുന്ന ആധാരങ്ങൾ പൂർണമായും വ്യാജമാണെന്ന് വന്നതോടെ അവിടങ്ങളിലെയും മരംമുറി തടഞ്ഞിരുന്നു. എല്ലായിടത്തും മരംമുറിക്കാൻ അനുവദിക്കണമെന്നാണ് ഹാരിസൺസിെൻറ ആവശ്യം.

ഭൂസംരക്ഷണ നിയമം 10ാം വകുപ്പിൽ സർക്കാർ ഭൂമിയിൽനിന്ന് മരംമുറിച്ചാൽ മരത്തിെൻറ വിലയുടെ മൂന്നിരട്ടി ഈടാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹാരിസൺസിനെയും ഉപാസിയെയും പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കേണ്ട സി. വിനയരാഘവനും എൻ. ധർമരാജനും വ്യാജ രേഖ ചമക്കൽ, സർക്കാർ ഭൂമി കൈയേറൽ തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ്. ഇവർ ഹൈകോടതിയിൽനിന്ന് ജാമ്യം നേടിയത് ഭൂമിയുമായി ബന്ധപ്പെട്ട് ഒരുകാര്യത്തിലും ഇടപെടരുതെന്നും അന്വേഷണ ഏജൻസിയെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും മറ്റുമുള്ള ഉപാധികളോടെയാണ്. അവർ യോഗത്തിൽ പങ്കെടുക്കുന്നത് അതിെൻറ ലംഘനമാണെന്നും സർക്കാറിന് നിയമോപദേശം ലഭിച്ചതായാണ് അറിയുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.