കൊച്ചി: ബംഗളൂരു സ്ഫോടനക്കേസിലെ പ്രതി തടിയൻറവിട നസീറിനെ സഹായിക്കാനും സാക്ഷികളെ സ്വാധീനിക്കാനും മറ്റും പുറത്തുനിന്ന് നീക്കങ്ങളുണ്ടായെന്ന പൊലീസ് വെളിപ്പെടുത്തൽ ഈ കേസിലെ പ്രതിയായ മഅ്ദനിയുടെ ജാമ്യഹരജികളെയും ബാധിച്ചേക്കുമെന്ന് നിയമവിദഗ്ധർ. കേസിൽ പ്രതിചേർക്കപ്പെട്ട പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനി ഇപ്പോൾ ചികിത്സാർഥം ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുകയാണ്. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും കേരളത്തിൽ ചികിത്സക്ക് പോകാൻ അനുവദിക്കണമെന്നുമുള്ള മഅ്ദനിയുടെ അപേക്ഷ അടുത്തയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് തടിയൻറവിട നസീർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി പൊലീസ് രംഗത്തെത്തിയത്.
കേരള പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസ്, ജാമ്യവ്യവസ്ഥയിൽ മഅ്ദനിക്ക് ഇളവനുവദിക്കരുതെന്ന ബംഗളൂരു പൊലീസിെൻറ നിലപാടിന് തുണയാവുകയും ചെയ്യും. മാത്രമല്ല, യു.എ.പി.എ നിയമപ്രകാരമുള്ള കേസ് വിചാരണ കൂടുതൽ കർശനമാവുകയും ചെയ്യും. ഇപ്പോൾ ഒമ്പത് കേസുകളായാണ് ബംഗളൂരു സ്ഫോടനപരമ്പരയുടെ വിചാരണ നടക്കുന്നത്. ഇത് ഒറ്റക്കേസായി പരിഗണിച്ച് വിചാരണ വേഗത്തിലാക്കണമെന്ന മഅ്ദനിയുടെ അപേക്ഷയെ ഇതിനകം സുപ്രീംകോടതിയിൽ ബംഗളൂരു പൊലീസ് എതിർത്തിട്ടുമുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തടിയൻറവിട നസീർ പൊലീസ് കാവലിൽതന്നെ സഹായികളെ ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് കേരള പൊലീസ് ആരോപിക്കുന്നത്. ഇക്കാര്യത്തിൽ സഹായിച്ചെന്ന കുറ്റം ചുമത്തി പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷഹനാസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സംഭവം കന്നട മാധ്യമങ്ങളിൽ വൻ പ്രാധാന്യത്തിലാണ് വാർത്തയായി വരുന്നത്.
അതേസമയം, ഷഹനാസ് തടിയൻറവിട നസീറിനുവേണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന ‘വാർത്ത’ പൊലീസ് വൃത്തങ്ങൾതന്നെ സ്വകാര്യമായി നിഷേധിക്കുന്നുണ്ട്. എന്നാൽ, സ്വാധീനിക്കാൻ ശ്രമിച്ചെന്ന കാര്യം ഉറപ്പിച്ചുപറയുന്നുമുണ്ട്. ഇയാളുടെ വീട് പരിശോധിച്ചപ്പോൾ നസീർ എഴുതിയതായി പറയുന്ന, മൊത്തത്തിൽ അമ്പത് പേജുവരുന്ന പത്ത് കത്തുകൾ കണ്ടെത്തിയെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഇതിൽ പറയുന്നത്, ‘അർധരാത്രിയും മറ്റും താനുമായി വിവിധ സ്ഥലങ്ങളിലെത്തി തെളിവെടുത്തശേഷം പകൽ വീണ്ടും അവിടെ പൊലീസെത്തി സമീപത്തെ കച്ചവടക്കാരിൽനിന്നും മറ്റും അവർക്ക് അനുകൂല മൊഴി എഴുതിവാങ്ങിയിട്ടുണ്ടെന്നും ഈ സാക്ഷികളെ പോയി കണ്ട് അവരോട് എന്താണ് യഥാർഥത്തിൽ നടന്നതെന്ന് കോടതിയിൽ പറയണമെന്ന് നിർദേശിക്കണമെന്നുമാണത്രേ. ഇനി ആരെങ്കിലും അതിന് വിസമ്മതിച്ച് പൊലീസ് പറയുന്നതുപോലെ മൊഴി നൽകിയാൽ കോടതിയിലെത്തുമ്പോൾ പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യങ്ങൾക്കുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ നാണംകെടുമെന്ന കാര്യം അവരെ ഓർമിപ്പിക്കണമെന്നും നിർദേശിക്കുന്നുണ്ടത്രേ. കത്തിലെ നിർദേശമനുസരിച്ച് ഷഹനാസ് ഏതൊക്കെ സാക്ഷികളെ പോയി കണ്ടെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. മഹസർ സാക്ഷികളായ കണ്ണൂരിലെ രണ്ട് തഹസിൽദാർമാരെ ഷഹനാസും നസീറിെൻറ സഹായിയും സമീപിച്ചതായും പറയുന്നു. ഇക്കാര്യങ്ങൾ അന്വേഷിക്കാനായി ബംഗളൂരുവിൽനിന്നുള്ള മൂന്നംഗ ഉദ്യോഗസ്ഥസംഘവും കൊച്ചിയിൽ എത്തിയിട്ടുണ്ട്. സ്ഫോടനക്കേസുകളുടെ അന്വേഷണച്ചുമതലയുള്ള ഡെ. പൊലീസ് കമീഷണർ ജിതേന്ദ്ര നാഥിെൻറ നേതൃത്വത്തിലെ സംഘമാണ് കൊച്ചിയിലെത്തിയത്. വരും ദിവസങ്ങളിൽ ഇവരും ഷഹനാസിനെ ചോദ്യം ചെയ്യും.
ബംഗളൂരു സ്ഫോടനക്കേസ് വിചാരണവേളയിൽ പൊലീസ് ഹാജരാക്കുന്ന പല സാക്ഷികളും കൂറുമാറുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോൾ ലഭിച്ച കത്തും ഷഹനാസ് നൽകുന്ന മൊഴിയും പൊലീസിന് പിടിവള്ളിയായി മാറും. സാക്ഷികളുടെ കൂറുമാറ്റം വഴി ബംഗളൂരു കേസിലെ പ്രതികൾക്ക് ലഭിക്കാനിടയുള്ള ആനുകൂല്യം ഫലത്തിൽ നഷ്ടമാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.