ബിജു രാധാകൃഷ്ണനും ജയില്‍ സൂപ്രണ്ടും കൂടിക്കാഴ്ച നടത്തിയത് അന്വേഷിക്കും -ചെന്നിത്തല

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി ജയില്‍ സൂപ്രണ്ട് നടത്തിയ കൂടിക്കാഴ്ചകളെ കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജുവും പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ.ജി. സുരേഷുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ മേധാവിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ഒരുമാസത്തിനിടെ ബിജുവും സൂപ്രണ്ടും 20 തവണ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ലോക്കപ്പ് സമയം കഴിഞ്ഞായിരുന്നു കൂടിക്കാഴ്ചകളില്‍ അധികവും. മിക്ക കൂടിക്കാഴ്ചകളും മണിക്കൂറുകള്‍ നീണ്ടു. സോളാര്‍ കമീഷന് മുന്നിലും വിവിധ കോടതികളിലും ഹാജരാകേണ്ട ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് കൂടിക്കാഴ്ചകള്‍ നടന്നിരിക്കുന്നത്. തടവുകാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കേണ്ടത് സൂപ്രണ്ട് റൗണ്ട്സിന് വരുമ്പോഴാണ്. അടിയന്തരഘട്ടങ്ങളില്‍ മാത്രമേ സൂപ്രണ്ടിനെ റൂമില്‍ സന്ദര്‍ശിക്കാന്‍ പാടുള്ളൂ. എന്നാല്‍, പൂജപ്പുരയില്‍ നടന്ന കൂടിക്കാഴ്ചകള്‍ പരാതി ബോധിപ്പിക്കാനായിരുന്നില്ളെന്നും മറ്റെന്തോ ഗൂഢാലോചന നടന്നെന്നുമാണ് റിപ്പോര്‍ട്ട്.
നേരത്തേ, സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞപ്പോള്‍ അന്നത്തെ ജയില്‍ ഡി.ഐ.ജി എച്ച്. ഗോപകുമാര്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. സമാനസ്വഭാവമുള്ള സംഭവമാണ് പൂജപ്പുരയില്‍ നടന്നതെന്നാണ് വിലയിരുത്തല്‍.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കുമെന്ന് ജയില്‍ ഡി.ജി.പി ലോകനാഥ് ബെഹ്റയും മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ജയിലില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ളെന്ന് സൂപ്രണ്ട് സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ബിജു രാധാകൃഷ്ണനുമായി 20 ലേറെ തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതു ചട്ടവിരുദ്ധമല്ല. ജയില്‍ പുള്ളിക്ക് ജയില്‍ അധികൃതരെ കാണാന്‍ അവകാശമുണ്ട്. പൂജപ്പുര ജയിലില്‍ പുതുതായി ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനാണ് അങ്ങനെ ചെയ്തത്. ഇതില്‍ വിയോജിപ്പുള്ള ചിലരാകാം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും സുരേഷ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.