വെളിച്ചം പൊലിയാതിരിക്കട്ടെ

കോഴിക്കോട്: 138 മെഴുകുതിരികൾ. ഈ വർഷം കോഴിക്കോട് നഗര പരിധിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ പ്രതിബിംബമായിരുന്നു അത്. കോഴിക്കോട് ബി.ഇ.എം ഹൈസ്കൂളിൽ ട്രോമ കെയർ കോഴിക്കോട് സംഘടിപ്പിച്ച, റോഡപകടങ്ങളിൽ മരിച്ചവരുടെ സ്മരണാഞ്ജലി ചടങ്ങിൽ വളൻറിയർ എം.ഇ.എസ് വനിതാ കോളജിലെ ബിരുദ വിദ്യാർഥി റുക്സാന മെഴുകുതിരികൾ കത്തിച്ചപ്പോൾ സദസ്സ് ശോകത്തിലാണ്ടു. ഇനിയൊരിക്കലും തിരിച്ചുവരാനാകാതെ തങ്ങളിൽനിന്ന് വേർപെട്ടുപോയവരുടെ ഓർമകളായിരുന്നു അന്തരീക്ഷമാകെ. നഗരപരിധിയിലെ 138 അടക്കം 304 പേരാണ് ജില്ലയിൽ ഈ വർഷം റോഡ് അപകടങ്ങളിൽ പിടഞ്ഞുമരിച്ചത്. ഇവരെ പ്രതിനിധാനംചെയ്ത് നാനൂറോളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

അപകടങ്ങളല്ല, കുറ്റകൃത്യങ്ങളാണ് റോഡുകളിൽ നടക്കുന്നതെന്ന് ട്രോമാ കെയറിെൻറ പ്രവർത്തനം വിശദീകരിക്കവെ സംഘടനയുടെ സ്ഥാപക ഡയറക്ടർ റിട്ട. എസ്.പി അഡ്വ. സി.എം. പ്രദീപ്കുമാർ പറഞ്ഞു. 10ടൺ ഭാരം കയറ്റിയ ലോറിക്കടിയിൽപെട്ട് മരിച്ച മൂന്നുവയസ്സുകാരിയുടെ ജഡം താൻ ഇൻക്വസ്റ്റ് നടത്തിയിട്ടുണ്ട്. ഒരു പൊതിയിൽ സൂക്ഷിച്ച കൊച്ചുവളയായിരുന്നു അവളുടെ ശേഷിപ്പ്. അത് പിന്നീട് പിതാവിന് കൈമാറുമ്പോൾ മുഖത്തു കണ്ട വൈകാരികത മാത്രം മതി റോഡിലെ അശ്രദ്ധ വരുത്തുന്ന ദുരന്തം ഓർമിപ്പിക്കാൻ.

മൂന്നു വർഷം കോഴിക്കോട്ട് ട്രാഫിക്കിെൻറ ചുമതലയിലായിരിക്കെ അപകടങ്ങൾ എന്നു പറയാവുന്ന രണ്ടു സംഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. ഒന്ന് ലോറിയുടെ ടയർ പൊട്ടിത്തെറിച്ചുണ്ടായതാണ്. രണ്ടാമത്തേത് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായി ലോറി കടയിലേക്ക് പാഞ്ഞുകയറി രണ്ടു പേർ മരിച്ച സംഭവം. ഇതല്ലാത്തതെല്ലാം അശ്രദ്ധയുടെയോ അലംഭാവത്തിെൻറയോ അഹങ്കാരത്തിെൻറയോ ഫലമായി ഉണ്ടായതാണ്. റോഡ് ആറുവരിയും പത്തു വരിയും ആക്കിയാൽ പ്രശ്നങ്ങൾ തീരും എന്നത് മണ്ടത്തമാണ്. റോഡിെൻറ വീതികുറവല്ല, ഓടിക്കുന്നവരുടെ ഇടുങ്ങിയ മനസ്സാണ് അപകടങ്ങൾക്ക് കാരണം. റോഡ് വീതികൂട്ടുന്നതിനെതിരെ സമരംചെയ്യുന്നവരെ നാം തീവ്രവാദികൾ എന്നുവിളിക്കും. സമരക്കാർ തീവ്രവാദികളാണെങ്കിൽ താൻ അവരുടെ പക്ഷത്താണ്. റോഡുകൾ പത്ത് വരിയാക്കാൻ കേരളത്തിൽ എവിടെയാണ് സ്ഥലം? കരാറുകാർക്ക് വേണ്ടിയുള്ള ദല്ലാൾ പണിയാണ് ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ –പ്രദീപ്കുമാർ പറഞ്ഞു.

കൊലപാതകങ്ങളേക്കാൾ വൻതോതിൽ നമ്മെ ഞെട്ടിക്കുന്ന റോഡപകടങ്ങളെക്കുറിച്ച് സമൂഹത്തിനും സർക്കാറിനും വ്യവസ്ഥിതിക്കും തികഞ്ഞ അലംഭാവമാണുള്ളതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഐ.ജി.(ക്രൈം) എസ്. ശ്രീജിത്ത് പറഞ്ഞു. പ്രതിവർഷം സംസ്ഥാനത്ത് 4300 റോഡപകട മരണങ്ങൾ ഉണ്ടാവുമ്പോൾ കൊലപാതകങ്ങളായി ഉണ്ടാവുന്നത് 400 എണ്ണം മാത്രമാണ്.  പരിക്കു പറ്റിയവരുടെ എണ്ണം അഞ്ചിരട്ടിയോളം അധികം വരും. എന്നാൽ, പൊലീസ് സംവിധാനം മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് ഈ നാനൂറിലാണ്. 2300 ഓളം പ്രമാദമായ കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇവയിൽ ഒന്നുപോലും റോഡപകടവുമായി ബന്ധപ്പെട്ട് ഇല്ല. ഈ രംഗത്തിന് നൽകിയ തെറ്റായ മുൻഗണനാക്രമത്തിെൻറ ഉദാഹരണമാണിത്. ഡ്രൈവിങ് ലൈസൻസിെൻറ പ്രാഥമിക അറിവുകൾ പൊലീസ് പരിശീലനത്തിന് എത്തുന്നവർക്കുപോലും ഇല്ല.

എൻജിനീയറിങ് (സാങ്കേതിക), എജുക്കേഷൻ (വിദ്യാഭ്യാസം), എൻഫോഴ്സ്മെൻറ് (ശിക്ഷാനടപടി) എന്നീ മൂന്നു കാര്യങ്ങളാണ് ട്രാഫിക്കിെൻറ മൂന്ന് ആണിക്കല്ലുകൾ. എന്നാൽ, ഇരുപത് ശതമാനം മാത്രം പ്രാധാന്യമുള്ള എൻഫോഴ്സ്മെൻറിനാണ് ഇന്ന് പ്രാധാന്യം നൽകുന്നത്. ഈ സമീപനത്തിൽ മാറ്റംവരണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.വി. നാരായണൻ, സി. രഘുനാഥ്, എം.കെ. രാധാകൃഷ്ണൻ, അസി. മോട്ടോർ വെഹിക്ക്ൾ ഇൻസ്പെക്ടർ യു.പി. മുഹാദ്, കോഴിക്കോട് ഓൾ ഇന്ത്യ റേഡിയോ പ്രോഗ്രാം എക്സിക്യൂട്ടിവ് സി. കൃഷ്ണകുമാർ,  ട്രോമാ കെയർ പ്രസിഡൻറ് ദിനകർ കരുണാകർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ആർ. ജയന്ത്കുമാർ സ്വാഗതവും സെക്രട്ടറി എം.സി. സുരേഷ്കുമാർ നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.