എസ്.എന്‍.ഡി.പി സഖ്യം ഗുണം ചെയ്തു -വി. മുരളീധരന്‍

ആലുവ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി സഖ്യം ബി.ജെ.പിക്ക് ഗുണം ചെയ്തെന്ന് സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. ആലപ്പുഴയില്‍ ബി.ജെ.പി വോട്ടില്‍ വര്‍ധനയുണ്ടായി. സഖ്യത്തിലൂടെ 145 ജനപ്രതിനിധികളാണ് ആലപ്പുഴ ജില്ലയില്‍ മാത്രമുണ്ടായത്. കഴിഞ്ഞതവണ 55 എണ്ണമാണുണ്ടായത്. എസ്.എന്‍.ഡി.പിയുമായുള്ള ധാരണ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കാം. ആലപ്പുഴയുടെ വടക്കന്‍ മേഖലയില്‍ ഉദ്ദേശിച്ചത്ര മുന്നേറ്റമുണ്ടാക്കാന്‍ സഖ്യത്തിനായില്ളെങ്കിലും തെക്കന്‍ മേഖലയില്‍ ബി.ജെ.പിക്കും എസ്.എന്‍.ഡി.പിക്കും നേട്ടമുണ്ടാക്കാനായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് പരമാവധി സ്ഥലങ്ങളില്‍ പാര്‍ട്ടി മത്സരിക്കും.  സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, ലീഗ്  പാര്‍ട്ടികളുമായി ധാരണയില്ല. ഇരുമുന്നണിയിലെയും മറ്റു ഘടകകക്ഷികളുമായി തദ്ദേശ സ്ഥാപനങ്ങളില്‍ ധാരണയുണ്ടാക്കുന്നത് സംബന്ധിച്ച് ജില്ലാ കമ്മിറ്റികള്‍ തീരുമാനമെടുക്കും. മൂന്നാം മുന്നണി കെട്ടിപ്പടുക്കും. മറ്റു മുന്നണികളുടെ ഘടകകക്ഷികളെ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കും. പാര്‍ട്ടി വിട്ടവര്‍ക്കും തിരിച്ചുവരാം.  തിരുവനന്തപുരത്ത് സി.പി.എം-കോണ്‍ഗ്രസ് സഹകരണമുണ്ടായതായും വി. മുരളീധരന്‍ പറഞ്ഞു.
1314 ജനപ്രതിനിധികളെയാണ് ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പല്‍-കോര്‍പറേഷനുകളിലുമായി പാര്‍ട്ടിക്ക് ലഭിച്ചത്. കഴിഞ്ഞതവണത്തെക്കാള്‍ 834 അംഗങ്ങളുടെ വര്‍ധന. 421 പഞ്ചായത്തുകള്‍, 52 മുനിസിപ്പാലിറ്റികള്‍, അഞ്ച് കോര്‍പറേഷനുകള്‍ തുടങ്ങിയവയില്‍ പ്രാതിനിധ്യം ലഭിച്ചു. 54 പഞ്ചായത്തുകള്‍, ആറ് മുനിസിപ്പാലിറ്റികള്‍, ഒരു കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ പ്രധാന പ്രതിപക്ഷമായി.
114 പഞ്ചായത്തുകള്‍, 23 നഗരസഭകള്‍ എന്നിവ ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ ബി.ജെ.പിക്ക് കഴിയും. തൃശൂര്‍ കോര്‍പറേഷന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലും ബി.ജെ.പി ആയിരിക്കും ഭരണം തീരുമാനിക്കുക.  28,75,000 വോട്ട്  നേടാനായി. കഴിഞ്ഞതവണ 9.6 ശതമാനം ഉണ്ടായിരുന്ന വോട്ട് ഇത്തവണ 15.6 ശതമാനമായി.
 ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 10 ലക്ഷത്തിലേറെ വോട്ടാണ് വര്‍ധിച്ചത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതികള്‍ക്കെതിരായ ജനവികാരം, സി.പി.എം-ബി.ജെ.പി എന്നിവര്‍ക്ക് അനുകൂലമായി. വലിയ പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിനാണ് ഇതിന്‍െറ പ്രധാന പ്രയോജനം ലഭിച്ചത്. കോട്ടയത്ത് പി.സി. ജോര്‍ജിന്‍െറ മാറ്റം യു.ഡി.എഫിന് ദോഷമായപ്പോള്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.