ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി ബി.ഡി.ജെ.എസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഹകരിക്കാത്തതിനാലാണ് ബി.ഡി.ജെ.എസ് സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെട്ടതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ നേട്ടമുണ്ടാക്കിയ ഇടങ്ങളിൽ പോലും ബി.ഡി.ജെ.എസിന് വോട്ട് കുറഞ്ഞത് വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.
സംസ്ഥാനത്ത് 300ഓളം സീറ്റുകളിൽ മത്സരിച്ചെങ്കിലും അഞ്ചു സീറ്റിൽ മാത്രമാണ് ബി.ഡി.ജെ.എസ് വിജയിച്ചത്. 23ന് നടക്കുന്ന ബി.ഡി.ജെ.എസ് നേതൃയോഗത്തിൽ മുന്നണിമാറ്റമടക്കം ചർച്ചയാകുമെന്നാണ് സൂചന.
തിരുവനന്തപുരം കോർപറേഷനിൽ എൻ.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെങ്കിലും ബി.ഡി.ജെ.എസ് മത്സരിച്ച നാല് സീറ്റിലും തോറ്റു. ബി.ജെ.പിക്ക് സ്വാധീനം ഉള്ള ഇടങ്ങളിൽ പോലും ബി.ഡി.ജെ.എസിന് പിന്തുണ ലഭിച്ചിച്ചില്ല. ബി.ഡി.ജെ.എസ് മത്സരിച്ച തിരുവനന്തപുരം നഗരത്തിലെ വാർഡുകളിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിന് മറിച്ചുവെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ കണക്കുകൾ നിരത്തി ആരോപിക്കുകയും ചെയ്തിരുന്നു.
കൊച്ചി കോർപറേഷനിൽ 13 സീറ്റുകളിൽ മത്സരിച്ചെങ്കിലും സിറ്റിങ് സീറ്റ് പോലും നിലനിർത്താനായില്ല. കോഴിക്കോട് കോർപറേഷനിലും ഇതുതന്നെയാണ് സ്ഥിതി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ ബി.ഡി.ജെ.എസിന്റെ സിറ്റിങ് സീറ്റ് ബി.ജെ.പി ഏറ്റെടുത്തിരുന്നു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ 100 എണ്ണത്തിൽ പോലും ബി.ഡി.ജെ.എസിന് പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും പാർട്ടിക്കുള്ളിൽ പുകയുന്നുണ്ട്.
ബി.ജെ.പിയുടെ ഏകപക്ഷീയ നിലപാടിനെ തുടർന്ന് പല ഇടങ്ങളിലും സ്ഥാനാർഥിയെ നിർത്താതെ ബി.ഡി.ജെ.എസിനു പിൻവാങ്ങേണ്ടി വന്നിരുന്നു. രാജീവ് ചന്ദ്രശേഖറുമായും ബി.ജെ.പി ദേശീയ നേതൃത്വവുമായും തുഷാർ വെള്ളാപ്പള്ളിക്ക് നല്ല ബന്ധമാണുള്ളത്.
തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മുന്നണി ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നു. ബി.ജെ.പി മുന്നണി മര്യാദ പാലിച്ചില്ലെന്നാരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കാൻ ബി.ഡി.ജെ.എസ് ഒരുങ്ങിയിരുന്നു.
തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ എൻ.ഡി.എയിലെ പിളർപ്പ് അതൃപ്തി പരസ്യമായതാണെങ്കിലും തുഷാറും ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള അടുപ്പമാണ് കടുത്ത തീരുമാനം എടുക്കുന്നതിൽ നിന്ന് പാർട്ടിയെ പിന്തിരിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടക്കം മുന്നിൽ നിൽക്കെ അവഗണന സഹിച്ച് തുടരാനാകില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം. പ്രശ്നങ്ങൾ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേതാക്കൾ നേരിൽ കണ്ട് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.