സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി സമയത്ത് മെഡിക്കല്‍ റെപ്പുമാര്‍ക്ക് വിലക്ക്

കല്‍പറ്റ: മെഡിക്കല്‍ റെപ്രസന്‍േററ്റിവുമാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി സമയത്ത് ഡോക്ടര്‍മാരെ കാണുന്നത് കര്‍ശനമായി വിലക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ഡോക്ടര്‍മാരെ കാണാന്‍ അത്യാഹിത വിഭാഗത്തിലും ഇനിമുതല്‍ മരുന്നു കമ്പനി പ്രതിനിധികള്‍ക്ക് പ്രവേശമില്ല. മരുന്നു കമ്പനികളുടെ സ്റ്റിക്കറുകളോ പോസ്റ്ററുകളോ ആശുപത്രി പരിസരത്ത് പതിക്കരുത്. ആശുപത്രികളിലുള്ള മരുന്നുകള്‍ നല്‍കാതെ വന്‍കിട കമ്പനികളുടെ അതേ ശ്രേണിയിലുള്ള മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് വ്യാപകമായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.

മെഡിക്കല്‍ ഓഫിസര്‍മാരില്‍ ചിലര്‍ ആശുപത്രി സൂപ്രണ്ടുമാരോടും മറ്റും പ്രത്യേക മരുന്നുകള്‍ പ്രാദേശികമായി വാങ്ങാന്‍ നിര്‍ദേശിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും ഉത്തരവിലുള്ളത്. എല്ലാ സ്ഥാപനങ്ങളിലും പരിശോധനാ രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ടെന്ന് സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണം. സന്ദര്‍ശന സമയത്ത് സ്റ്റോക് ബുക്, കാലാവധി കഴിഞ്ഞ മരുന്നുകള്‍, പ്രാദേശികമായി മരുന്ന് വാങ്ങിയതിന്‍െറ കണക്ക്, ഓര്‍ഡറുകളുടെ കോപ്പി തുടങ്ങിയവ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നത് മുഖ്യമായി നിരീക്ഷിക്കണം. എയര്‍ കണ്ടീഷന്‍ ചെയ്യുന്നതടക്കം ഫാര്‍മസിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എച്ച്.എം.സി, ആര്‍.എസ്.ബി.വൈ ഫണ്ടുകള്‍ ഉപയോഗിക്കാം. കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന മരുന്ന് ഫാര്‍മസിയില്‍ ഉണ്ടായിരിക്കെ, പുറത്തുനിന്ന് വാങ്ങാന്‍ നിര്‍ദേശിക്കരുത്.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള മരുന്നുകളുടെ കൂട്ടായ്മ മാത്രമേ നിര്‍ദേശിക്കാവൂ. സൂപ്രണ്ടുമാരും ചാര്‍ജിലുള്ള മെഡിക്കല്‍ ഓഫിസര്‍മാരും മരുന്നു സ്റ്റോര്‍ സന്ദര്‍ശിക്കണം. സ്ഥാപനത്തിന് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ഒൗദ്യോഗികമായി അറിയിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രം, കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍, ജില്ലയിലെ മറ്റു പ്രമുഖ ആശുപത്രികള്‍ എന്നിവയില്‍ മരുന്നുകളുടെ ലഭ്യത വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ എല്ലാ മാസവും യോഗം ചേരണം. ഈ യോഗത്തില്‍ മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍െറ മരുന്നുവിതരണം, ആ മാസം പ്രാദേശികമായി വാങ്ങിയ മരുന്ന്, കഴിഞ്ഞ മാസത്തെ അളവുമായുള്ള താരതമ്യം തുടങ്ങിയവ വിലയിരുത്തണം. യോഗത്തിന്‍െറ മിനുട്സ് ഒരാഴ്ചക്കകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് അയക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.