നാല് മാസമായിട്ടും മോഹനന്‍ പുറത്തുതന്നെ; ധനലക്ഷ്മി ഓഫിസേഴ്സ് സമ്മേളനം നാളെ മുതല്‍

തൃശൂര്‍: അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാറുമായി ധനലക്ഷ്മി ബാങ്ക് മാനേജ്മെന്‍റ് ഉണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി സംഘടനാ നേതാവിനെ നാല് മാസമായി ശമ്പളമില്ലാതെ പുറത്തു നിര്‍ത്തിയ പശ്ചാത്തലത്തില്‍ ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓര്‍ഗനൈസേഷന്‍ 16ാം ദേശീയ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ തൃശൂരില്‍ ചേരും. ശനിയാഴ്ച വൈകീട്ട് മൂന്നിന് ‘വര്‍ത്തമാനകാല സാഹചര്യത്തില്‍ വിസില്‍ ബ്ളോവറിനുള്ള പരിരക്ഷ’ എന്ന വിഷയത്തില്‍ സെമിനാറോടെയാണ് തുടക്കം. അകാരണമായി പിരിച്ചുവിടപ്പെടുകയും 33 ദിവസത്തെ സമരത്തത്തെുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് പിരിച്ചുവിടല്‍ മരവിപ്പിച്ച് അവധിയാക്കുകയും ചെയ്ത ജനറല്‍ സെക്രട്ടറി പി.വി. മോഹനന്‍െറ കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ധനലക്ഷ്മി ബാങ്കിന്‍െറ മുംബൈ ശാഖ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പ് നടന്ന വിവരം മാനേജ്മെന്‍റിനെ അറിയിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ ‘വിസില്‍ ബ്ളോവര്‍’ നിയമ പ്രകാരം റിസര്‍വ് ബാങ്കിനെ അറിയിച്ചതിനാണ് മോഹനന്‍ ‘ശിക്ഷിക്കപ്പെട്ടത്’. ബാങ്കുകളിലെ ക്രമക്കേട് യഥാസമയം അറിയിക്കാന്‍ റിസര്‍വ് ബാങ്ക് ആവിഷ്കരിച്ചതാണ് വിസില്‍ ബ്ളോവര്‍ സംവിധാനം.
രഹസ്യവിവര ദാതാക്കള്‍ സംരക്ഷിക്കപ്പെടുമെന്നാണ് വ്യവസ്ഥയെങ്കിലും മോഹനന്‍െറ കാര്യത്തില്‍ അതുണ്ടായില്ല. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് കോഓഡിനേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ആയിരിക്കുമ്പോഴാണ് ധനലക്ഷ്മി ബാങ്കില്‍ വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ള, 38 വര്‍ഷം സര്‍വിസുള്ള മോഹനനെ പിരിച്ചുവിട്ടത്. ഇതിനെതിരെ ആഴ്ചകള്‍ നീണ്ട സമരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ എഴുതി തയാറാക്കിയ ധാരണകള്‍ അനുസരിച്ച് പിന്‍വലിച്ചു. മോഹനന്‍ രണ്ടുമാസം ശമ്പളത്തോടെ അവധിയില്‍ പോകുമെന്നും ഇതിനിടക്ക് ഇരുപക്ഷവും ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കും എന്നുമായിരുന്നു ധാരണ. നാല് മാസമായി മോഹനന് ശമ്പളമില്ല. ഒരുതവണ പോലും ചര്‍ച്ച നടന്നില്ല. അഖിലേന്ത്യാ പണിമുടക്ക് ഉള്‍പ്പെടെ സമരത്തിലേക്ക് കടക്കുമെന്ന് കോണ്‍ഫെഡറേഷന്‍ നേതാക്കള്‍ പറഞ്ഞെങ്കിലും തീരുമാനമായില്ല.
മോഹനനെ ഉടന്‍ തിരിച്ചെടുക്കുക, വിസില്‍ ബ്ളോവറിന് പരിരക്ഷ ഉറപ്പാക്കുക, പഴയ സ്വകാര്യ ബാങ്കുകളെ ദേശസാത്കൃത ബാങ്കുകളില്‍ ലയിപ്പിക്കുക എന്നിവയാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.