താരാധിപത്യം മലയാള സിനിമയെ തകര്‍ക്കുന്നു –രാജ്മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി: താരാധിപത്യവും കാരവന്‍ സംസ്കാരവും മലയാള സിനിമയെ തകര്‍ക്കുകയാണെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍. താരാധിപത്യം മൂലം നിര്‍മാതാവിനും സംവിധായകനും സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ഇത് നല്ല സിനിമകള്‍ ഉണ്ടാകുന്നതിന് തടസ്സമാണ്.
താരങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സംവിധായകരെ മാറ്റി സിനിമയെടുക്കേണ്ട സ്ഥിതിയിലാണ് മലയാള ചലച്ചിത്ര നിര്‍മാതാക്കളെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഉണ്ണിത്താന്‍െറ മകന്‍ അമല്‍ നായകനാകുന്ന ‘പോളേട്ടന്‍െറ വീട്’ എന്ന ചിത്രത്തിന്‍െറ പൂജയോടനുബന്ധിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല നിര്‍മാതാക്കളില്ലാത്തതും മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു. പ്രതാപശാലികളായ ഇന്നത്തെ പല സംവിധായകര്‍ക്കും സിനിമയോട് പ്രതിബദ്ധതയില്ളെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. ചിത്രാഞ്ജലിയില്‍ ആധുനിക സാങ്കേതികവിദ്യകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഡിസംബര്‍ 15ന് ഉദ്ഘാടനം ചെയ്യുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. വിമാനത്താവളം, റയില്‍വേ സ്റ്റേഷന്‍, സിമ്മിങ്ങ് പൂള്‍, ക്ഷേത്രം, പള്ളി, ജയില്‍, കോടതി തുടങ്ങി എല്ലാ സെറ്റുകളും ഇവിടെ ലഭ്യമാകും.
ഇതര ഭാഷാചിത്രങ്ങളെയും ലക്ഷ്യമിട്ട് ലോകരാജ്യങ്ങളിലെ സൗന്ദര്യങ്ങള്‍ കൃത്രിമത്വം അനുഭവപ്പെടാത്ത തരത്തില്‍ സെറ്റ് ഒരുക്കിയിട്ടുണ്ട്. കലാമൂല്യമുള്ള ചിത്രങ്ങള്‍ ലാഭം നോക്കാതെ കോര്‍പറേഷനുകീഴിലെ 14 തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കും. ചിത്രാഞ്ജലിയില്‍ ഇനിമുതല്‍ പാക്കേജില്‍ പറയുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ചിത്രാജ്ഞജലിയില്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്കുള്ള സബ്സിഡി 10 ലക്ഷമായി ഉയര്‍ത്തണമെന്ന ചലച്ചിത്ര വികസന കോര്‍പറേഷന്‍െറ നിര്‍ദേശം സര്‍ക്കാറിന്‍െറ സജീവ പരിഗണനയിലാണെന്ന് ഉണ്ണിത്താന്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.