സോളാര്‍ കമീഷന്‍ ബിജു രാധാകൃഷ്ണനെ ഹാജരാക്കാത്ത ജയില്‍ സൂപ്രണ്ടിന് രൂക്ഷവിമര്‍ശം

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ  പ്രതി ബിജു രാധാകൃഷ്ണനെ ഹാജരാക്കുന്നതില്‍ വീഴ്ചവരുത്തിയ തിരുവനന്തപുരം പൂജപ്പുര  സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് സോളാര്‍ കമീഷന്‍െറ രൂക്ഷവിമര്‍ശം. സൂപ്രണ്ട് പത്തുദിവസത്തിനകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചു. അതിനിടെ,  മൊഴി നല്‍കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന്് ആവശ്യപ്പെട്ടും  തന്നെ വിളിച്ചുവരുത്താനുള്ള അധികാരം ചോദ്യംചെയ്തും പി.എ. മാധവന്‍ എം.എല്‍.എ നല്‍കിയ അപേക്ഷ കമീഷന്‍ തള്ളി. എം.എല്‍.എക്ക് പുതിയ സമന്‍സ് അയക്കാനും തീരുമാനിച്ചു.  ബിജു രാധാകൃഷ്ണന്‍ വ്യാഴാഴ്ച കമീഷനുമുന്നില്‍ ഹാജാരാകേണ്ടിയിരുന്നതാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണനെ ഹാജരാക്കാത്ത ജയില്‍ സൂപ്രണ്ടിനെ കമീഷന്‍ രൂക്ഷമായി  വിമര്‍ശിച്ചു. വിവരം  ജയില്‍ എ.ഡി.ജി.പിയെ അറിയിക്കാനും പത്തുദിവസത്തിനുള്ളില്‍ വിശദീകരണം ജയില്‍ സൂപ്രണ്ടില്‍നിന്ന് എഴുതിവാങ്ങി  ഹാജരാക്കാനും സീനിയര്‍ ഗവ. പ്ളീഡര്‍ റോഷന്‍ ഡി. അലക്സാണ്ടര്‍ക്ക് കമീഷന്‍  നിര്‍ദേശം നല്‍കി.
 17, 18 തീയതികളില്‍ ബിജു രാധാകൃഷണനെ തെളിവെടുപ്പിന് ഹാജരാക്കണം.  ഇതിന് അസൗകര്യമുണ്ടെങ്കില്‍ അക്കാര്യം നേരത്തേ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയക്കാനും തീരുമാനിച്ചു. കമീഷനോട് എന്തുമാകാമെന്ന സമീപനം അംഗീകരിക്കാനാകില്ളെന്ന് ജസ്റ്റിസ് ജി. ശിവരാജന്‍ വ്യക്തമാക്കി. മജിസ്ട്രേറ്റ് കോടതിയെക്കാള്‍ താഴെയായാണോ ജയില്‍ സൂപ്രണ്ട് കമീഷനെ കാണുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിജുവിന് മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഒരു കേസ് ഒത്തുതീര്‍പ്പാക്കാന്‍ എത്താനുള്ളതിനാല്‍ കമീഷനില്‍  ഹാജരാക്കാനാകില്ളെന്നാണ് ജയില്‍ സൂപ്രണ്ട് പ്രത്യേക ദൂതന്‍ മുഖേനെ അറിയിച്ചത്. ബിജുവിന്‍െറ വ്യക്തിപരമായ അഭ്യര്‍ഥനയും ഒപ്പം വെച്ചിരുന്നു. ബിജുവിന്‍െറ  കത്തില്‍ പറയുന്നത് മൂവാറ്റുപുഴ കോടതിയില്‍ വിസ്താരത്തിന് ഹാജരാകാനാവശ്യപ്പെട്ട് മുന്‍കൂര്‍ വാറന്‍റുള്ളതിനാല്‍ തനിക്ക് കമീഷന്‍ മുമ്പാകെ 12ന് മൊഴി നല്‍കാന്‍ എത്താനാകില്ളെന്നാണ്. ബിജു രാധാകൃഷ്ണന്‍ പറയുന്നതും ജയില്‍ സൂപ്രണ്ട് പറയുന്നതും തമ്മില്‍ വൈരുധ്യമുണ്ടെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി.നിയമപ്രകാരം എതിരെയുള്ള സാക്ഷികളെ വിസ്തരിച്ചശേഷം വേണം പ്രധാനസാക്ഷിയായ തന്നെ വിസ്തരിക്കാനെന്ന വാദമുന്നയിച്ചാണ് മണലൂര്‍  എം.എല്‍.എ പി.എ. മാധവന്‍ കമീഷന് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, മാധവന്‍ എം.എല്‍.എക്ക് സമന്‍സയച്ചതില്‍ നിയമപരമായി തെറ്റില്ളെന്ന് കമീഷന്‍ നിരീക്ഷിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.