തിരുവനന്തപുരം: ബാറുടമ ബിജു രമേശ് ചാനല്‍ ചര്‍ച്ചയില്‍ തുറന്നുവിട്ട ബാര്‍ കോഴ ആരോപണം ഒരു വര്‍ഷത്തിലേറെയാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെയും കേരള രാഷ്ട്രീയത്തെയും മുള്‍മുനയില്‍ നിര്‍ത്തിയത്. പിന്നീടിങ്ങോട്ട് കേരളം ദര്‍ശിച്ചത് ഇന്നോളം കാണാത്ത സംഭവ പരമ്പരകള്‍.
 വിവാദങ്ങള്‍ക്ക് പരിസമാപ്തികുറിച്ച് അരനൂറ്റാണ്ടിന്‍െറ നിയമസഭാ പാരമ്പര്യമുള്ള കെ.എം. മാണി എന്ന കേരള രാഷ്ട്രീയത്തിലെ വടവൃക്ഷത്തിന്‍െറ പതനവും.
അടച്ചുപൂട്ടപ്പെട്ട ബാര്‍ ഉടമയില്‍നിന്ന് സ്വാഭാവികമായി ഉയര്‍ന്ന ആരോപണം എന്ന് സംശയിച്ചത് നാള്‍ക്കുനാള്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ ഉറക്കംകെടുത്തുന്നതായി മാറുകയായിരുന്നു.
2014 ഒക്ടോബര്‍ 31ന് രാത്രിയാണ് ബിജു രമേശ് ‘ബാര്‍ കോഴ ഭൂത’ത്തെ തുറന്നുവിട്ടത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍നിന്ന് മന്ത്രി കെ.എം. മാണി ഒരു കോടി രൂപ വാങ്ങിയെന്നായിരുന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് കൂടിയായ ബിജു രമേശിന്‍െറ വെളിപ്പെടുത്തല്‍.
 പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ബാര്‍ കോഴ ഏറ്റെടുത്തതോടെ വിഷയം ചൂടുപിടിച്ചു. വിജിലന്‍സ് ക്വിക് വെരിഫിക്കേഷന്‍ തുടങ്ങി. മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ മാണിയുടെ രാജിക്കായി മുറവിളി ശക്തമായി.
 നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷ സമര പരമ്പരകള്‍ തന്നെ അരങ്ങേറി.  ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയ മാണിക്കെതിരെ തീര്‍ത്ത ഉപരോധവും പിന്നീട് സഭക്കകത്ത് നടന്ന പ്രതിപക്ഷ പ്രക്ഷോഭവും കേരള ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത സംഭവങ്ങളായി.
എന്നിട്ടും കേവലം ആരോപണം എന്ന സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി മാണി മന്ത്രിസഭയില്‍ തുടര്‍ന്നതോടെ പ്രതിപക്ഷം സമരംതന്നെ ഉപേക്ഷിച്ച മട്ടായി. അണിയറയില്‍ വിജിലന്‍സിനെ ദുരുപയോഗം ചെയ്ത് കേസ് കോടതിയില്‍ തേച്ചുമായ്ച്ചുകളയാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തി.
തണുത്തുകിടന്ന കേസ് വീണ്ടും സജീവമായത് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവോടെയാണ്. തുടരന്വേഷണത്തിന് അനുമതി നല്‍കിയ കോടതി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്‍െറ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ചതോടെ അദ്ദേഹം പദവിയില്‍നിന്ന് അവധിയില്‍ പോയി. വിധിക്കെതിരെ വിജിലന്‍സിനെ ഉപയോഗിച്ച് ഹൈകോടതിയില്‍ പോയ സര്‍ക്കാറിന് അവിടെനിന്ന് തിരിച്ചടിയാണ് ലഭിച്ചത്.
രണ്ടുദിനം നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് നീണ്ട വിരാമമിട്ട് മാണി രാജിയിലേക്ക് വന്നതോടെ ബാര്‍ കോഴ ആരോപണം ഉയര്‍ത്തിയ ബിജു രമേശും ചരിത്രത്തിലേക്ക് നടന്നുകയറുകയാണ്; കേരള രാഷ്ട്രീയത്തിലെ അതികായന്മാരില്‍ പ്രമുഖനായ കരിങ്കോഴക്കല്‍ മാണി മാണി എന്ന കെ.എം. മാണിയുടെ പതനത്തിലേക്ക് വഴിയൊരുക്കിയതിലൂടെ.  
1965 മുതല്‍ 12 തവണ ഇടതടവില്ലാതെ പാലായില്‍നിന്ന് നിയമസഭയിലത്തെിയ മാണിയുടെ രാഷ്ട്രീയ കരിയര്‍ ഗ്രാഫില്‍ കരിനിഴല്‍ വീഴുന്നതാകട്ടെ, നിയമസഭാ അംഗത്വത്തിന്‍െറ സുവര്‍ണജൂബിലി ആഘോഷത്തിനിടെയാണെന്നതും യാദൃച്ഛികം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.