ഒന്നാം മാറാട് കേസ്: സാക്ഷിയും പ്രതികളും 16ന് ഹാജരാകണമെന്ന് ഹൈകോടതി

കൊച്ചി: ഒന്നാം മാറാട് കേസിലെ പ്രധാന സാക്ഷി സയന്‍റിഫിക് അസിസ്റ്റന്‍റിനൊപ്പം വിസ്താരത്തിന് പ്രതികളും ഹാജരാകണമെന്ന് ഹൈകോടതി. ശിക്ഷിക്കപ്പെട്ട 14 പ്രതികളും തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്‍റിഫിക് അസിസ്റ്റന്‍റ് തോമസ് അലക്സാണ്ടറും ഈ മാസം 16ന് രാവിലെ 10.30ന് ഹൈകോടതിയില്‍ ഹാജരാകാനാണ് ജസ്റ്റിസ് സി.ടി. രവികുമാര്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.
സാക്ഷിയായ സയന്‍റിഫിക് ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ അനുമതി തേടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ നല്‍കിയ ഹരജി നേരത്തേ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷിക്കൊപ്പം പ്രതികളും ഹാജരാകാനുള്ള നിര്‍ദേശം.
2002 ജനുവരി രണ്ടിന് പ്രദേശവാസിയായ അബൂബക്കറിന്‍െറ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വാളില്‍ കണ്ട രക്തക്കറയുടെ ഫോറന്‍സിക് പരിശോധന നടത്തിയ ഉദ്യോഗസ്ഥനാണ് തോമസ് അലക്സാണ്ടര്‍. ഇപ്പോള്‍ ജാമ്യത്തിലുള്ള ഒന്ന്, 13, 15 പ്രതികളെ ഹാജരാക്കാന്‍ അഭിഭാഷകനോടും ചീമേനി തുറന്ന ജയിലില്‍ കഴിയുന്ന മറ്റ് 11 പ്രതികളെ ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോടുമാണ് ആവശ്യപ്പെട്ടത്.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വാളില്‍ കണ്ട രക്തക്കറയുടെ ഫോറന്‍സിക് പരിശോധനഫലം വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ വിട്ടുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെ പ്രത്യേകമായി വിസ്തരിക്കാന്‍ അനുമതി തേടി പ്രോസിക്യൂഷന്‍ ഹൈകോടതിയെ സമീപിച്ചത്.
വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 14 പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജികള്‍ കോടതിയുടെ പരിഗണനയിലാണ്. വിചാരണക്കോടതിയില്‍ നടക്കുന്ന നടപടികളുമായി ബന്ധപ്പെട്ട കേസിലെ സാക്ഷിയെയും പ്രതികളെയും ഹൈകോടതിയില്‍ നേരിട്ട് വിസ്തരിക്കുന്നത് അപൂര്‍വമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.