അടൂര്‍: ഡല്‍ഹിയിലേക്ക് വിനോദയാത്ര പോയ അടൂരില്‍നിന്നുള്ള നാലംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സംഘത്തിലുണ്ടായിരുന്ന അടൂര്‍ മൂന്നാളം അനിതാ ഭവനില്‍ ശിവശങ്കരപിള്ളയുടെ മകന്‍ അരുണ്‍ (27) ആണ് മരിച്ചത്.
സിദ്ദിഖ്, നാസര്‍ അലി, സോഫിയ എന്നിവര്‍ ഡല്‍ഹിക്ക് സമീപമുള്ള റോട്ടക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 9.30ഓടെ ഡല്‍ഹിയില്‍നിന്ന് 125 കിലോമീറ്റര്‍ അകലെ ചണ്ഡിഗഡ് ഹൈവേയിലെ കര്‍ത്താല്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
സംഘം സഞ്ചരിച്ചിരുന്ന കാറിന്‍െറ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അരുണ്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. അടൂരില്‍നിന്ന് ബംഗളൂരുവില്‍ എത്തിയ സംഘം അവിടെനിന്ന് മണാലിയടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഡല്‍ഹിക്ക് പോയത്. നാട്ടില്‍നിന്ന് ഒരുമാസമായി സംഘം യാത്രതിരിച്ചിട്ട്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ഡല്‍ഹിക്ക് തിരിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സംസ്കാരം പിന്നീട്. അരുണ്‍ അവിവാഹിതനാണ്. മാതാവ് കൃഷ്ണകുമാരി. സഹോദരി: അനിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.