കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയില്‍ കൂട്ടരാജി

കൊച്ചി: കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്) ഭരണ സമിതിയില്‍ കൂട്ടരാജി. പ്രസിഡന്‍റ് ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളാണ് രാജിവെച്ചത്. മാസങ്ങള്‍ക്കുമുമ്പ് എല്‍.ഡി.എഫിലെ മൂന്ന് അംഗങ്ങളും രാജിവെച്ചിരുന്നു. പ്രസിഡന്‍റ് അഡ്വ. ജോയ് തോമസ്, അംഗങ്ങളായ കുര്യന്‍ ജോയി, ഒ.വി. അപ്പച്ചന്‍, സി.എ. ശങ്കരന്‍കുട്ടി, കെ.എ. ലത്തീഫ് എന്നിവരാണ് ബുധനാഴ്ച വാര്‍ഷിക പൊതുയോഗത്തിനിടെ രാജിനല്‍കിയത്. സി.എം.പി പ്രതിനിധിയായ മോളി സ്റ്റാന്‍ലിയും രാജിവെക്കും. കോണ്‍ഗ്രസ് നോമിനി ആര്‍. രാജശേഖരന്‍ യോഗത്തില്‍ പങ്കെടുത്തില്ല. എല്‍.ഡി.എഫ് അംഗങ്ങളായ ജോണ്‍ ഫെര്‍ണാണ്ടസ്, വി. രാമകൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നിവര്‍ മൂന്നുമാസം മുമ്പ് രാജിവെച്ചിരുന്നു. അഴിമതിയെയും കെടുകാര്യസ്ഥതയെയും തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ സഹകരണ രജിസ്ട്രാര്‍ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ മരവിപ്പിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു.

ആഭ്യന്തര അന്വേഷണം അവസാനിക്കുന്നതുവരെയായിരുന്നു സസ്പെന്‍ഷന്‍. ഇതിന്‍െറ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ രാജിക്കത്ത് നല്‍കിയത്. എം.ഡിയും രജിസ്ട്രാറും ഉള്‍പ്പെടെ സര്‍ക്കാറിന്‍െറ നോമിനികള്‍ മാത്രമാണ് ഇപ്പോള്‍ ബോര്‍ഡിലുള്ളത്. ഭരണസമിതി ഇല്ലാതായതോടെ പുതിയ സമിതിക്കായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

കണ്‍സ്യൂമര്‍ഫെഡില്‍ പ്രസിഡന്‍റും ഐ ഗ്രൂപ് നേതാവുമായ ജോയി തോമസിന്‍െറ നേതൃത്വത്തില്‍ നാലുവര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ ക്രമക്കേട് നടത്തിയതായി വി.എം. സുധീരന്‍െറ നോമിനിയായ സതീശന്‍ പാച്ചേനി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗ്രൂപ് പരിഗണനയില്ലാതെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ചിരിക്കുന്നത്. എന്നാല്‍, ഭരണസമിതിയെ അപ്പാടെ സര്‍ക്കാര്‍ പിരിച്ചുവിട്ടാല്‍ അടുത്ത ആറുവര്‍ഷത്തേക്ക് മത്സരിക്കാന്‍ സാധിക്കില്ളെന്നറിഞ്ഞ് രാജിവെച്ചതാണെന്നും സൂചനയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.