സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളുടെ അന്തിമ പട്ടികയായി


തിരുവനന്തപുരം: ജനുവരി 19 മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ക്ക് അന്തിമ രൂപമായി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് വേദികള്‍ തീരുമാനിച്ചത്. നേരത്തേ വേദികളായി കണ്ടുവെച്ച സ്ഥലങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വിട്ടുനല്‍കാത്ത സാഹചര്യത്തില്‍  മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. നേരത്തേ വേദികളായി നിര്‍ദേശിച്ച യൂനിവേഴ്സിറ്റി സെനറ്റ് ഹാള്‍, ടാഗോര്‍ തിയറ്റര്‍, പ്രിയദര്‍ശിനി ഹാള്‍, കൃഷ്ണപിള്ള ഹാള്‍ തുടങ്ങിയവ ഒഴിവാക്കി. പുത്തരിക്കണ്ടം മൈതാനിയായിരിക്കും പ്രധാന വേദി. സ്വാഗതസംഘം ഓഫിസ് തൈക്കാട് ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ്. പൂജപ്പുര മൈതാനമാണ് രണ്ടാമത്തെ വേദി. ഗവ. വിമന്‍സ് കോളജ്, വി.ജെ.ടി ഹാള്‍, സെന്‍റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവ യഥാക്രമം മൂന്ന്, നാല്, അഞ്ച് വേദികളാകും. തൈക്കാട് പൊലീസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണം. നായനാര്‍ പാര്‍ക്കില്‍ എക്സിബിഷനും ഗാന്ധിപാര്‍ക്കില്‍ സാംസ്കാരിക സായാഹ്നവും നടക്കും. സ്വാതിതിരുനാള്‍ സംഗീത കോളജ്, സെന്‍ട്രല്‍ ലൈബ്രറി ഹാള്‍, ശിശുക്ഷേമ സമിതി ഹാള്‍, ഗവ. എച്ച്.എസ്.എസ് മണക്കാട്, ഹോളി ഏഞ്ചല്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, എസ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി, കോട്ടണ്‍ഹില്‍ ഗവ. എല്‍.പി.എസ്, പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി എന്നിവയാണ് മറ്റു വേദികള്‍. ഇതില്‍ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറിയില്‍ രണ്ട് വേദികളുണ്ടാകും. എസ്.എം.വി ഹയര്‍ സെക്കന്‍ഡറിയിലായിരിക്കും രചനാമത്സരങ്ങള്‍ നടക്കുക. പട്ടം സെന്‍റ് മേരീസില്‍ ബാന്‍ഡ് മേള മത്സരം നടക്കും. വിമന്‍സ് കോളജ്, സംഗീത കോളജ് എന്നിവ വിട്ടുനല്‍കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് തയാറായിരുന്നില്ല. വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചതിനത്തെുടര്‍ന്നാണ് ഇവ വിട്ടുനല്‍കി ഡയറക്ടര്‍ ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് തൈക്കാട് പൊലീസ് ഗ്രൗണ്ടിന്‍െറയും വി.ജെ.ടി ഹാളിന്‍െറയും വാടക ഒഴിവാക്കി. 5.3 ലക്ഷമായിരുന്നു പൊലീസ് ഗ്രൗണ്ടിന് വാടക ആവശ്യപ്പെട്ടത്.പന്തല്‍, സ്റ്റേജ് എന്നിവയുടെ ചുമതലയുള്ള ജി.എസ്.ടി.യു ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും കണ്ടാണ് വേദി തര്‍ക്കം പരിഹരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.