ആറു കുട്ടികള്‍ക്ക് ദേശീയ ധീരതാ അവാര്‍ഡ്

തിരുവനന്തപുരം: രാഷ്ട്രപതിയുടെ ദേശീയ ധീരതാ അവാര്‍ഡിന്  കേരളത്തില്‍നിന്ന് ആറുകുട്ടികളെ തെരഞ്ഞെടുത്തു. ആരോമല്‍ സി.എം. സ്പെഷല്‍ അവാര്‍ഡ് (നെയ്യാറ്റിന്‍കര, തിരുവനന്തപുരം) അഭിജിത്ത് കെ. വി. (തളിപ്പറമ്പ്, കണ്ണൂര്‍), അനന്തു ദിലീപ് (വൈക്കം, കോട്ടയം), മുഹമ്മദ് ഷംനാദ് (വള്യാട്, കോഴിക്കോട്), ബീഥോവന്‍ (പള്ളിത്തുറ, തിരുവനന്തപുരം), നിതിന്‍ ഫിലിപ് മാത്യു (മണിപ്പുഴ, കോട്ടയം) എന്നിവര്‍ക്കാണ് അവാര്‍ഡ്.
ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന റിപ്പബ്ളിക് ദിന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവാര്‍ഡുകള്‍ സമ്മാനിക്കും. റിപ്പബ്ളിക് ദിന പരേഡിലും ഇവര്‍ പങ്കെടുക്കും. സംസ്ഥാന ധീരതാ അവാര്‍ഡ് ജനുവരി അവസാന ആഴ്ചയില്‍ പ്രഖ്യാപിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
കുളത്തില്‍ മുങ്ങിത്താഴ്ന്ന യുവതികളെ സാഹസികമായി രക്ഷപ്പെടുത്തിയതിനാണ് 12കാരനായ ആരോമലിന് പ്രത്യേക പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ആമോട്ടുകോണം വടക്കേ കുളത്തില്‍ കാല്‍വഴുതി വീണ ആര്യ, ശുഭ എന്നീ സ്ത്രീകള്‍ക്കാണ് ആരോമല്‍ രക്ഷകനായത്. നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ളിക് സ്കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയായ ആരോമല്‍ എന്‍.സി.സി ഉദ്യോഗസ്ഥന്‍ ജി. സുനില്‍കുമാറിന്‍െറയും മിനികുമാരിയുടെയും മകനാണ്.
 ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന അയല്‍വാസി സൗരവിന്‍െറ ജീവന്‍ രക്ഷിച്ചതിനാണ് 16കാരനായ അഭിജിത്തിന് പുരസ്കാരം ലഭിച്ചത്. തളിപ്പറമ്പ് ക്ഷേത്രക്കുളത്തില്‍ അഭിജിത്ത് ഉള്‍പ്പെടെ 10ഓളം സുഹൃത്തുക്കളാണ് ഒരുമിച്ച് കുളിക്കാനിറങ്ങിയത്. മടങ്ങുമ്പോള്‍ സൗരവിനെ മാത്രം കാണാതായി. കുളത്തില്‍നിന്ന് കുമിളകള്‍ ഉയരുന്നതുകണ്ട് അഭിജിത്ത് വെള്ളത്തിലേക്ക് ചാടി സൗരവിനെ രക്ഷിക്കുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് കിഴറ്റൂര്‍ കേളോത്ത് വളപ്പില്‍ ഹൗസില്‍ കെ.വി. പ്രകാശന്‍െറയും ഹിന്ദു കെ.വി.യുടെയും മകനായ അഭിജിത്ത് കണ്ണൂര്‍ കോട്ടിയാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിയാണ്.
തോട്ടിലെ കുത്തൊഴിക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന സഹപാഠിയെ സാഹസികമായി രക്ഷിച്ചതിനാണ് കോട്ടയം വെച്ചൂര്‍ ദേവി എച്ച്.എസ്.എസിലെ ഒമ്പതാംക്ളാസുകാരനായ അനന്തുവിന് ധീരതാ അവാര്‍ഡ് ലഭിച്ചത്. കുടവെച്ചൂര്‍ കാവിടേഴത്തുത്തുറ ദിലീപിന്‍െറയും സുപതയുടെയും മകനാണ് അനന്തു. അടുത്ത വീട്ടില്‍ താമസിക്കുന്ന സൂര്യദേവന്‍ ഈരയില്‍ കടവ് പാലത്തിന് താഴെ ഒഴുക്കില്‍പ്പെടുകയായിരുന്നു. പാലത്തിലൂടെ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന അനന്തു ജീവനുവേണ്ടി മല്ലിടുന്ന സൂര്യദേവനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
കുളത്തില്‍ വീണ ഒന്നര വയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ചതിനാണ് 10ാംക്ളാസുകാരനായ മുഹമ്മദ് ഷംനാദിനെ പുരസ്കാരം തേടിയത്തെിയത്. കോഴിക്കോട് വടകര വള്യാട് ചിറയ്ക്കല്‍ ജുമാമസ്ജിദ് കുളത്തില്‍ വീണ ചിറക്കല്‍ കുഞ്ഞബ്ദുല്ലയുടെ മകള്‍ ഒന്നര വയസ്സുകാരി റിയഫാത്തിമയെയാണ് രക്ഷിച്ചത്. അയല്‍വാസിയായ ഷംനാദ് കുളത്തിലേക്ക് ചാടി ബോധരഹിതയായ കുട്ടിയെ രക്ഷിക്കുകയായിരുന്നു. കോഴിക്കോട് വള്ള്യാട് ജനത്ത് ഹൗസില്‍ കുഞ്ഞബ്ദുല്ലയുടെയും സുലൈഖയുടെയും മകനായ ഷംനാദ് കടമേരി ആര്‍.എ.സി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.
വീട്ടുപറമ്പില്‍ തേങ്ങയിടാന്‍ ശ്രമിക്കവെ 11 കെ.വി ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ കൂട്ടുകാരന്‍ ജോയലിനെ അതിസാഹസികമായി രക്ഷിച്ചതിനാണ് 14കാരനായ ബിഥോവന് ധീരതാ പുരസ്കാരം ലഭിച്ചത്. ഇരുമ്പുകമ്പികൊണ്ട് തേങ്ങയിടാന്‍ ശ്രമിച്ച് വൈദ്യുതി പ്രവാഹമേറ്റ് ശരീരമാസകലം പൊള്ളലേറ്റ ജോയലിനെ ചെരിപ്പിട്ട കാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചാണ് രക്ഷപ്പെടുത്തിയത്. തിരുവനന്തപുരം പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10ാംതരം വിദ്യാര്‍ഥിയായ ബിഥോവന്‍ പള്ളിത്തുറ കാറ്റാടിത്തോപ്പില്‍ ടെറി എ. റോക്കിയുടെയും റീജയുടെയും മകനാണ്.
അടഞ്ഞുകിടന്ന വീട്ടിലെ തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ വാതില്‍ ചവിട്ടിത്തുറന്ന് പുറത്തേക്കെറിഞ്ഞ് വന്‍ അപകടം ഒഴിവാക്കിയതിനുള്ള ധൈര്യത്തിനാണ് നിതിന് അവാര്‍ഡ്. കോട്ടയം മണിപ്പുഴ വെണ്‍കുറഞ്ഞിയില്‍ കൂട്ടുകാരൊത്ത് കുളിക്കവെയാണ് അയല്‍ വീട്ടില്‍ അടുക്കളയില്‍ ജനാലവഴി പുക ഉയരുന്നത് നിതിന്‍ കണ്ടത്. ആദ്യം വെള്ളമൊഴിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. എരുമേലി സെന്‍റ് തോമസ് ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ നിതിന്‍ മണിപ്പുഴ വെളുത്തേടത്ത് കാട്ടില്‍ മാത്യു വി. ഫിലിപ്പിന്‍െറയും ബിനു മാത്യുവിന്‍െറയും മകനാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.