അധ്യാപക പാക്കേജ് പ്രതിസന്ധി; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 31ന് ചര്‍ച്ച

തിരുവനന്തപുരം: അധ്യാപക പാക്കേജ് പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ 31ന് ഉന്നതതല യോഗം ചേരും. പാക്കേജ് സംബന്ധിച്ച് ഹൈകോടതിവിധിയുടെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള പോംവഴി യോഗം ചര്‍ച്ച ചെയ്യും.
വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന ധാരണയാണുണ്ടായത്. ഇത് 31ലെ യോഗത്തില്‍ വീണ്ടും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. വിധിക്കെതിരെ അപ്പീല്‍ പോകണമെന്നാണ് നിര്‍ദേശം. എന്നാല്‍ അധ്യാപക സംഘടനകള്‍ ഒന്നടങ്കം അപ്പീല്‍ പോയി പാക്കേജ് നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലാക്കരുതെന്ന് വിദ്യാഭ്യാസമന്ത്രിയെക്കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിവിധി നടപ്പാക്കുന്നതുവഴിയുണ്ടാകുമെന്ന് പറയുന്ന അധിക സാമ്പത്തിക ബാധ്യത ധനവകുപ്പിന്‍െറ പെരുപ്പിച്ച കണക്കാണെന്നും മന്ത്രിയെക്കണ്ട് ധരിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല കെ.പി.എസ്.ടി.യുവിനു പിന്നാലെ മുസ്ലിം ലീഗ് അനുകൂല കെ.എസ്.ടി.യുവും മന്ത്രിയെക്കണ്ട് അധിക സാമ്പത്തിക ബാധ്യതാവാദം പൊള്ളയാണെന്ന് സമര്‍ഥിക്കുന്ന കണക്കുകള്‍ കൈമാറി.

2011ലെ തസ്തിക നിര്‍ണയ പ്രകാരം ഒന്നുമുതല്‍ അഞ്ചു വരെയുള്ള ക്ളാസുകളില്‍ 1:45 എന്ന അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ 37851 അധ്യാപക തസ്തികകളാണുള്ളത്. എന്നാല്‍ 1:30 എന്ന അനുപാത പ്രകാരം ഇത്രയും തസ്തികകളില്‍ 45419 പേര്‍ ജോലി ചെയ്യുന്നുണ്ട്. ആറു മുതല്‍ എട്ടുവരെയുള്ള ക്ളാസുകളിലെ 19957 തസ്തികകളില്‍ 24368 പേരും ജോലി ചെയ്യുന്നു. ഇതുപ്രകാരം 11992 പേരാണ് അധികമുള്ളത്.  ഏറ്റവും ഒടുവില്‍ തസ്തിക നിര്‍ണയം നടന്ന 2011 ജൂണിനുശേഷം 424 അധിക തസ്തികകളാണുണ്ടായത്. ഇതാകട്ടെ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ്. 2011ന് ശേഷമുണ്ടായ രാജി, വിരമിക്കല്‍, മരണം ഒഴിവുകളില്‍ 978 പേരെയാണ് നിയമിച്ചത്. 424 അധിക തസ്തികകള്‍ കൂടി ചേര്‍ന്നാല്‍ 1402 പേര്‍ക്കാണ് നിയമനാംഗീകാരം ലഭിക്കാനുള്ളത്.

വിദ്യാഭ്യാസ, ധനവകുപ്പുകള്‍ പറയുന്നതുപോലെ 3000ത്തിലധികം പേര്‍ക്ക് നിയമനാംഗീകാരം ലഭിക്കാനുണ്ടെന്ന കണക്ക് ശരിയല്ളെന്നും വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിച്ച കണക്കില്‍ കെ.എസ്.ടി.യു പറയുന്നു. 2010-11ല്‍ ഒന്നു മുതല്‍ 10 വരെയുള്ള ക്ളാസുകളില്‍ ശമ്പളം വാങ്ങിയ അധ്യാപകരുടെ എണ്ണം 164418 ആണ്. എന്നാല്‍ 2015-16 പ്രകാരം ഇത് 1.58 ലക്ഷമായി കുറഞ്ഞു. തസ്തിക നിര്‍ണയവും നിയമനാംഗീകാരവും ഇല്ലാതായതോടെ അഞ്ചു വര്‍ഷത്തിനിടെ 6000ത്തോളം തസ്തികകളാണ് നഷ്ടപ്പെട്ടത്. ചട്ടപ്രകാരം കുട്ടികള്‍ വര്‍ധിച്ചാല്‍ അധിക തസ്തിക അനുവദിക്കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയാണ്. ഇതും സര്‍ക്കാര്‍ അനുവദിച്ചില്ല. നഷ്ടപ്പെട്ട തസ്തികകള്‍ വീണ്ടെടുക്കുകയും കുട്ടികള്‍ വര്‍ധിച്ചിടത്ത് അധിക തസ്തികകള്‍ അനുവദിക്കുകയും ചെയ്താല്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാനാകുമെന്നും പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.