അഞ്ചാം ധനകമീഷന്‍ ആദ്യ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതത്തില്‍ വന്‍ വര്‍ധനയും സാമ്പത്തികസ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങളുമടങ്ങിയ അഞ്ചാം ധനകമീഷന്‍ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍വിഹിതം 20 ശതമാനത്തോളം വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. നാലാം ശമ്പളപരിഷ്കരണ കമീഷന്‍ അനുവദിച്ചതിനേക്കാള്‍ വലിയ വര്‍ധനയാണിത്. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തികസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ അവര്‍ക്ക് അവകാശപ്പെട്ട ഫീസുകളും നികുതികളും വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശങ്ങളടങ്ങിയ കമീഷന്‍െറ ആദ്യ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് സമര്‍പ്പിച്ചു. ചെയര്‍മാന്‍ ഡോ. ബി.എ. പ്രകാശ്, ധനകാര്യ(റിസോഴ്സസ്) സെക്രട്ടറി ഡോ. വി.കെ. ബേബി എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്.
തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന വരുമാനമാര്‍ഗങ്ങളായ വസ്തു, സംരക്ഷണ, വിനോദ, തൊഴില്‍ നികുതികള്‍ വര്‍ധിപ്പിക്കണം. കഴിഞ്ഞ 20 വര്‍ഷമായി ഇവ വര്‍ധിപ്പിക്കാതെ തദ്ദേശസ്ഥാപനങ്ങളെ സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയെന്ന വിമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
നികുതികള്‍ പുതുക്കാന്‍ കമീഷന് ഭരണഘടനാപരമായി ലഭിച്ച അധികാരത്തിന്‍െറ അടിസ്ഥാനത്തില്‍ അതിനുള്ള ശിപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാറിന്‍െറ നികുതിവിഹിതത്തില്‍ നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതത്തില്‍ വലിയ വര്‍ധന ശിപാര്‍ശചെയ്തിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ജനറല്‍ പര്‍പസ് ഗ്രാന്‍റ്, ആസ്തികള്‍ സംരക്ഷിക്കുന്നതിനുള്ള മെയിന്‍റനന്‍സ് ഗ്രാന്‍റ്, വികസനഫണ്ട് എന്നിവയിലും വര്‍ധനക്ക് ശിപാര്‍ശയുണ്ട്.
എല്ലാം ചേര്‍ന്ന് 20 ശതമാനത്തോളം വര്‍ധന ശിപാര്‍ശചെയ്തെന്നാണ് അറിയുന്നത്. കഴിഞ്ഞ കമീഷന്‍െറ കാലത്ത് വര്‍ധന 14 മുതല്‍ 18 ശതമാനം വരെയായിരുന്നു.
സംസ്ഥാനത്തെ 1400 തദ്ദേശസ്ഥാപനങ്ങളെയും ഓരോന്നായി എടുത്ത് വിശകലനം ചെയ്ത് എത്ര ഫണ്ട് അടുത്ത അഞ്ചുവര്‍ഷത്തേക്ക് നല്‍കണമെന്നും ശിപാര്‍ശചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.