കൊച്ചിക്ക് ആഘോഷമായി ഫാഷിസ വിരുദ്ധ പ്രതിഷേധം

കൊച്ചി: രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതക്കും മത, വര്‍ഗീയ ഫാഷിസ്റ്റ് പ്രവണതക്കുമെതിരെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി മലയാളി യുവത ഒന്നിച്ചുനടന്നു. പാട്ടും ആട്ടവും നിറങ്ങളുമായി വിവിധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന ഫാഷിസത്തിനെതിരായ മനുഷ്യ സംഗമത്തിന് മുന്നോടിയായാണ് ഫ്രീഡം വാക് സംഘടിപ്പിച്ചത്.
രാജേന്ദ്ര മൈതാനിയില്‍നിന്ന് വൈകീട്ട് അഞ്ചിന് ഹൈകോടതിക്കു സമീപം ലാലന്‍ ടവറിലേക്കുള്ള നടത്തത്തില്‍ ഭിന്നലിംഗക്കാര്‍, കാഴ്ചശേഷിയില്ലാത്തവര്‍, സാമൂഹിക, സാംസ്കാരിക, മാധ്യമ, സിനിമ, വിദ്യാര്‍ഥി രംഗങ്ങളിലെ പ്രശസ്തര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.  രാജേന്ദ്ര മൈതാനിയില്‍ കേരള ബൈ്ളന്‍ഡ് ഫെഡറേഷന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് നടത്തം ഫ്ളാഗ്ഓഫ് ചെയ്തു. ഇത് നല്ലകാലമല്ല, മോശപ്പെട്ട കാലവുമല്ല എന്ന് പാടിയായിരുന്നു ഫ്രീഡം വാക് ആരംഭിച്ചത്. വിവിധ നിറങ്ങളിലുള്ള റിബണുകളില്‍ പീപ്ള്‍ എഗന്‍സ്റ്റ് ഫാഷിസം എന്നെഴുതി നെറ്റിയില്‍ കെട്ടിയാണ് വിവിധ ജില്ലകളില്‍നിന്നത്തെിയവര്‍ അണിനിരന്നത്. മനുഷ്യ സംഗമത്തിന്‍െറ സംഘാടക സമിതി ചെയര്‍മാന്‍ ഡോ. കെ.എസ്. ഡേവിഡ്, കണ്‍വീനര്‍ എന്‍.പി. ജോണ്‍സണ്‍, തമിഴ് സാഹിത്യകാരി ലീന മണിമേഖല, പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍, മാധ്യമപ്രവര്‍ത്തകരായ കെ.കെ. ഷാഹിന, ലാസര്‍ ഷൈന്‍, ആക്ടിവിസ്റ്റ് രേഖ രാജ് എന്നിവര്‍ ഫ്രീഡം വാക്കിന് നേതൃത്വം കൊടുത്തു. കലാകക്ഷിയിലെ കലാകാരന്മാര്‍, മാര്‍വെല്‍ ട്രാന്‍സ് ജെന്‍ഡേഴ്സ് കമ്യൂണിറ്റി, മ്യൂസിക് ഓഫ് റെസ്റ്റിന്‍സ്, ചെന്തിര നാടന്‍ കലാസംഘം, ഗോത്രഗാഥ തുടങ്ങിയ സംഘങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. അക്രമങ്ങളും അടിച്ചമര്‍ത്തലുകളും കണ്ട് ശീലിച്ച കൊച്ചിയുടെ തെരുവില്‍ പ്രതിഷേധം ആഘോഷമായപ്പോള്‍ നിരവധി പേര്‍ കാഴ്ചക്കാരായി.
ഫ്രീഡം വാക് നൗഷാദ് നഗറെന്ന് പേരിട്ട ലാലന്‍ ടവറിലത്തെിയതോടെ പൊതുസമ്മേളനത്തിന് തുടക്കമായി. ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം ഫാഷിസത്തിനെതിരെ ബഹുജനങ്ങള്‍ എന്ന വിഷയത്തില്‍ സമീപന രേഖ അവതരിപ്പിച്ചു.  ഡോ. കെ.എസ്. ഡേവിസ് അധ്യക്ഷത വഹിച്ചു. മനുഷ്യസംഗമം ഞായറാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. രാവിലെ എട്ടിന് രജിസ്ട്രേഷന്‍ ആരംഭിക്കും. 10ന് ഡോ. പി.എം. ഭാര്‍ഗവ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഞ്ചിന് എല്ലാരും ചേര്‍ന്നാട്ടം -ചലച്ചിത്ര താരം റിമ കല്ലിങ്കലും സംഘവും നേതൃത്വം കൊടുക്കും. 5.30ന് പൊതുസമ്മേളനം, ഏഴിന് ഷഹ്ബാസ് അമന്‍െറ ഗസല്‍ എന്നിവ നടക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.