അധ്യാപക പാക്കേജ്: കോടതി അംഗീകരിച്ചത് നടപ്പാക്കാൻ ആലോചന

തിരുവനന്തപുരം: അധ്യാപക പാക്കേജിൽ കോടതി അംഗീകരിച്ച ഭാഗങ്ങൾ നടപ്പാക്കാൻ ആലോചന. ആഗസ്റ്റ് ആറിന് ഇറക്കിയ ഉത്തരവനുസരിച്ച് 1:30, 1:35 എന്ന അധ്യാപക വിദ്യാർഥി അനുപാതം നടപ്പാക്കാൻ തീരുമാനിച്ച തസ്തികകളിൽ നിയമനാംഗീകാരം നൽകാനാകുമോ എന്നും സർക്കാർ പരിശോധിക്കും. 1:45 അനുപാതം നടപ്പാക്കാൻ തീരുമാനിച്ച തസ്തികകളുടെ കാര്യത്തിൽ അപ്പീൽ പോകാനുളള സാധ്യത പരിഗണിക്കും.

എ.ജിയുടെയോ അഡീഷനൽ എ.ജിയുടെയോ അഭിപ്രായമാരാഞ്ഞ ശേഷമാകും തീരുമാനമെടുക്കുക. എൽ.പിയിലെയും യു.പിയിലെയും മുഴുവൻ തസ്തികകൾക്കും കേന്ദ്രനിയമപ്രകാരം യഥാക്രമം 1:30, 1:35 എന്ന അനുപാതം നടപ്പാക്കാനാണ് കോടതി ഉത്തരവ്. ആയിരം കോടി രൂപവരെ അധിക ബാധ്യതയുണ്ടാകുന്നതാണിത്. 2010–11 അധ്യയന വർഷത്തിനുശേഷമുള്ള അധിക തസ്തികകളിൽ 1:45 അനുപാതവും 2010–11വരെയുള്ള തസ്തികകളിലും രാജി, വിരമിക്കൽ തുടങ്ങിയവയിലും 1:30, 1:35 അനുപാതവും നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്.

ഇതിൽ 1:30, 1:35 നടപ്പാക്കാൻ തീരുമാനിച്ചവയിലെങ്കിലും നിയമനാംഗീകാരം നൽകാനാവുമോ എന്നാണ് പരിശോധിക്കുക. ഇതുവഴി ഒട്ടേറെ അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വിദ്യാഭ്യാസ വകുപ്പ് കരുതുന്നു. അധ്യാപക സംഘടനകളും മാനേജ്മെൻറുകളും മുഴുവൻ തസ്തികകളിലേക്കും 1:30, 1:35 അനുപാതത്തിനായി സമ്മർദമുയർത്തിയിരുന്നു. കേന്ദ്ര നിയമവും ഇതാണ്. എന്നാൽ, സാമ്പത്തിക ബാധ്യതാ വാദത്തിൽ തീരുമാനം മറിച്ചാവുകയായിരുന്നു.

കോടതി നിർദേശിച്ച അനുപാതം നടപ്പാക്കിയാൽ അധികമുള്ള അധ്യാപകരിൽ ഭൂരിഭാഗത്തിനും തസ്തിക ലഭിക്കുമെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നിയമനം നേടിയവർക്ക് അംഗീകാരം വൈകിക്കുന്നതിൽ നീതീകരണമില്ലെന്നും ഇവർ പറയുന്നു. ബാധ്യത താങ്ങാനാവില്ലെന്ന നിലപാടിന് വഴങ്ങിയാൽ അധ്യാപക പാക്കേജ് അനന്തമായി നീളും. നിലവിൽ 3000ത്തോളം അധ്യാപകർ നിയമനാംഗീകാരം ലഭിക്കാത്തവരായുണ്ടെന്നാണ് ഏകദേശ കണക്ക്. സർക്കാർ അധികാരത്തിൽവന്ന് വൈകാതെ പ്രഖ്യാപിച്ച പാക്കേജ് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചത് തിരിച്ചടിയാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.