നിശ്ചയിച്ചതിലും നേരത്തെ മന്ത്രി രമേശ് ഡല്‍ഹിയില്‍

തിരുവനന്തപുരം: കത്ത് വിവാദം കേരളത്തില്‍ കത്തുന്നതിനിടെ മന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിക്ക്. നിശ്ചയിച്ചതിലും നേരത്തേ ഡല്‍ഹി സന്ദര്‍ശിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കാണെന്ന് രമേശ് വിശദീകരിക്കുന്നെങ്കിലും കത്ത് വിവാദം ഉള്‍പ്പെടെ കാര്യങ്ങള്‍ പാര്‍ട്ടി ദേശീയനേതൃത്വവുമായി സംസാരിക്കുമെന്നാണ് അറിയുന്നത്. അതിനിടെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ കേരളയാത്ര നടത്താനിരിക്കെ പാര്‍ട്ടിയെയും ഭരണത്തെയും പ്രതിരോധത്തിലാക്കുന്ന കത്ത് വിവാദത്തില്‍നിന്ന് വേഗം പുറത്തുകടക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. കത്തിന്‍െറ ഉറവിടം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട പാര്‍ട്ടിതീരുമാനം അതിന്‍െറ ഭാഗമാണ്.
താന്‍ കത്ത് അയച്ചിട്ടില്ളെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പൂര്‍ണമായി വിശ്വസിക്കാന്‍ എതിര്‍പക്ഷം തയാറല്ല. പലപ്പോഴായി രമേശ് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുവരുന്ന കാര്യങ്ങളാണ് വിവാദകത്തിലുള്ളത്. വെള്ളിയാഴ്ച ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹകസമിതിയോഗത്തില്‍ കത്ത് സംബന്ധിച്ചോ രമേശിന്‍െറ വാദം അംഗീകരിച്ചോ എന്തെങ്കിലും പറയാന്‍ മുഖ്യമന്ത്രി തയാറായതുമില്ല. അതേസമയം, കത്ത് ഉണ്ടെങ്കിലും ഇല്ളെങ്കിലും അതിലെ ഉള്ളടക്കം വസ്തുതകളാണെന്ന് ഐ പക്ഷം രഹസ്യമായെങ്കിലും സമ്മതിക്കുന്നു. കത്ത് അയച്ചിട്ടില്ളെന്ന് രമേശ് പറയുമ്പോള്‍ അദ്ദേഹത്തെ അവിശ്വസിക്കുകയോ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയോ ചെയ്യേണ്ട കാര്യമില്ളെന്നും അവര്‍ പറയുന്നു.
അതേസമയം, കത്തിന്‍െറ ഉറവിടം സംബന്ധിച്ച് അന്വേഷിക്കുമെന്ന പ്രഖ്യാപനത്തില്‍ വലിയ കാര്യമില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കത്ത് വ്യാജമാണെന്ന് രമേശ് പരാതിപ്പെട്ടാല്‍, അത് ആദ്യം പുറത്തുവന്ന ഡല്‍ഹിയിലാണ് അന്വേഷണം നടത്തേണ്ടത്. കേരള പൊലീസിന് അത് സാധ്യമല്ല. കത്ത് പുറത്തുവന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും സംസ്ഥാന ആഭ്യന്തരമന്ത്രി കൂടിയായ രമേശ് പരാതിപ്പെട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.