കോടതി വിധി; അധ്യാപക പാക്കേജ് പൊളിഞ്ഞു

തിരുവനന്തപുരം: രണ്ട് മർമപ്രധാന വ്യവസ്ഥകൾ ഹൈകോടതി റദ്ദാക്കിയതോടെ നാല് വർഷത്തിലധികമായി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന അധ്യാപക പാക്കേജ് പൊളിഞ്ഞു. അധ്യാപക വിദ്യാർഥി അനുപാതം എൽ.പിയിൽ 1:30ഉം യു.പിയിൽ 1:35ഉം നടപ്പാക്കണമെന്ന വിധിയോടെ പാക്കേജ് നടപ്പാക്കാനാകാതെ വിദ്യാഭ്യാസ വകുപ്പ് പ്രതിസന്ധിയിലായി. വിധിക്കെതിരെ അപ്പീൽ പോകുമെന്നാണ് സൂചന. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിന് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥയും ഇതിനായി കൊണ്ടുവന്ന ചട്ടഭേദഗതിയും  റദ്ദാക്കിയതോടെ പാക്കേജിെൻറ നിലനിൽപ്  ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. അപ്പീൽ പോയാൽ നിയമയുദ്ധം നീളുകയും നിയമനാംഗീകാരത്തിനുള്ള അധ്യാപകരുടെ കാത്തിരിപ്പ് തുടരുകയും ചെയ്യും.  

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള  അനുപാതം നടപ്പാക്കണമെന്നാണ് കോടതി നിർദേശം. എന്നാൽ, പാക്കേജിനായി ഇറക്കിയ ഉത്തരവിൽ വിവിധ അനുപാതങ്ങളാണ് സർക്കാർ നിർദേശിച്ചത്. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള 1:30, 1:35 എന്ന അനുപാതം മുഴുവൻ നിയമനങ്ങൾക്കും ബാധകമാക്കണമെന്നായിരുന്നു എയ്ഡഡ് മാനേജ്മെൻറുകളുടെ വാദം. തത്ത്വത്തിൽ ഈ വാദം കോടതി അംഗീകരിച്ചതോടെ സർക്കാർ  പ്രതിരോധം തകരുകയായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള അനുപാതം നടപ്പാക്കാൻ  ഉന്നയിക്കപ്പെട്ട  തടസ്സം അധിക സാമ്പത്തികബാധ്യതയാണ്. 800 മുതൽ 1000 കോടി രൂപ വരെ അധിക സാമ്പത്തികബാധ്യത വരുമെന്ന കണക്കാണ് ധനവകുപ്പിേൻറത്.  

2010 –11ന് ശേഷം എയ്ഡഡ് സ്കൂളുകളിൽ വിവിധ രൂപത്തിൽ 3000ൽ അധികം അധ്യാപക നിയമനങ്ങൾ നടന്നതായാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും അധിക തസ്തികകളിലാണ്. നിയമനാംഗീകാരത്തിന്  അനുപാതം 1:45 ആണ്. കോടതിവിധിയിൽ ഇത് 1:30, 1:35  ആക്കാനാണ് നിർദേശം. സ്കൂളുകളിലെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്ത് വിദ്യാഭ്യാസ ഡയറക്ടറിൽനിന്ന് മുൻകൂർ അനുമതി വാങ്ങിയശേഷമേ പുതിയ നിയമനങ്ങൾ നടത്താവൂ എന്ന വ്യവസ്ഥ റദ്ദ് ചെയ്തതുവഴി മാനേജ്മെൻറുകൾക്ക് പഴയരീതിയിൽ തന്നെ നിയമനം തുടരാനുള്ള വഴിയും തുറന്നു.

പാക്കേജ് വീണ്ടും അനിശ്ചിതത്വത്തിലായത് 3000ത്തോളം അധ്യാപകരെ പ്രതിസന്ധിയിലാക്കി. വർഷങ്ങളായി ഇവർ ശമ്പളം ലഭിക്കാതെയാണ് ജോലി ചെയ്യുന്നത്.  2010 –11ന് ശേഷം നിയമനം നടത്തിയ റിട്ടയർമെൻറ്, രാജി, മരണം, പ്രമോഷൻ തസ്തികകൾ, അധിക തസ്തികകൾ എന്നിവയിൽ നിയമനം നേടിയവരാണ് ശമ്പളം ലഭിക്കാതെ കാത്തിരിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.