എസ്​.ഐ നിയമനം അട്ടിമറിക്കാൻ അനധികൃത സ്​ഥാനക്കയറ്റം

കോഴി ക്കോട്: എസ്.ഐ നിയമനം അട്ടിമറിക്കാൻ സർക്കാർ ഉത്തരവ് പൂഴ്ത്തി സിവിൽ പൊലീസുകാർക്ക് അനധികൃത സ്ഥാനക്കയറ്റം നൽകി. സൂപ്പർ ന്യൂമററി തസ്തിക എന്നപേരിൽ നിരവധി സിവിൽ പൊലീസ് ഓഫിസർമാർക്ക് എസ്.ഐ നിയമനം നൽകിയാണ് നിയമനം അട്ടിമറിച്ചത്. അട്ടിമറി പുറത്തുവരാതിരിക്കാനും അനധികൃത സ്ഥാനക്കയറ്റം നൽകിയവർക്ക് തസ്തികക്കനുസരിച്ച സേവന–വേതന വ്യവസ്ഥകൾ നൽകാതിരിക്കാനുമായി നാലു വർഷമായി സംസ്ഥാന പൊലീസിൽ ജില്ലാ പ്രമോഷൻ കമ്മിറ്റിയും (ഡി.പി.സി) ചേർന്നില്ല. 1980ലെ റിക്രൂട്ട്മെൻറ് റൂൾ അട്ടിമറിച്ചാണ് 1989നുമുമ്പ് സർവിസിൽ കയറിയ സിവിൽ പൊലീസുകാർക്ക് സ്ഥാനക്കയറ്റം നൽകിയത്. ഇവരുടെ യൂനിഫോം എസ്.ഐയുടേതാണെങ്കിലും സേവന–വേതന വ്യവസ്ഥകൾ ഇപ്പോഴും പഴയതാണ്.

സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുകയും അതിന്മേൽ ആക്ഷേപാഭിപ്രായങ്ങൾക്ക് സമയംനൽകി അന്തിമ പട്ടികയാക്കുകയും പിന്നീട് റെയ്ഞ്ച് അടിസ്ഥാനത്തിൽ ഡിപ്പാർട്മെൻറ് പ്രമോഷൻ കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയുമാണ് പതിവ്. ഡി.പിസി തയാറാക്കുന്ന പട്ടികയിൽനിന്നാണ് സ്ഥാനക്കയറ്റം നൽകേണ്ടത്. എന്നാൽ, നാലു വർഷമായി അത്തരമൊരു പട്ടിക തയാറാക്കിയിട്ടില്ല. പല ജില്ലകളിലും മാനദണ്ഡമില്ലാതെയും പ്രമോഷൻ റൂൾ പാലിക്കാതെയുമാണ് എസ്.ഐ, എ.എസ്.ഐ തസ്തികകളിലേക്ക് സൂപ്പർന്യൂമററി പ്രമോഷൻ നൽകിയത്.
ഇതിനെതിരായ ഹരജികളിലെ കോടതിവിധികൾ മറികടന്നും പൊലീസുകാരുടെ കണ്ണിൽ പൊടിയിടാനുമാണ് പ്രമോഷൻ പട്ടിക തയാറാക്കാത്തത് എന്നാണ് ആക്ഷേപം. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ പ്രമോഷൻ നിയമനങ്ങൾ നടന്നത്.

ജില്ലാ ആംഡ് റിസർവും ആംഡ് പൊലീസ് ബറ്റാലിയനും വെവ്വേറെ യൂനിറ്റുകളായി കണക്കാക്കുകയും രണ്ടു യൂനിറ്റിലേക്കും പ്രത്യേക നിയമനം നടത്തുകയും ചെയ്യുന്നതായിരുന്നു പൊലീസിലെ പഴയരീതി. 1980 ജനുവരി 17നാണ് പൊലീസ് നിയമനത്തിന് പ്രത്യേക റൂൾ തയാറാക്കിയതും നിയമനം പി.എസ്.സിക്ക് വിട്ടതും. രണ്ടു വിഭാഗത്തിലെയും സീനിയോറിറ്റി സംബന്ധിച്ച പ്രശ്നങ്ങൾ കാരണം 1986 ജൂലൈ 17ന് പ്രത്യേക ഉത്തരവിറക്കി ജില്ലാ ആംഡ് റിസർവിലേക്ക് നേരിട്ടുള്ള നിയമനം നിർത്തലാക്കുകയും പൊലീസുകാരുടെ നിയമനം കെ.എ.പി ബറ്റാലിയൻ വഴിയാക്കി മാറ്റുകയുമായിരുന്നു.  1989 ഉത്തരവ് പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തി സീനിയോറിറ്റി കണക്കാക്കിയാണ് സ്ഥാനക്കയറ്റം നൽകിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.