അധ്യാപക നിയമനം: സർക്കാറിന്‍റെ മുൻകൂർ അനുമതി വേണ്ടെന്ന് ഹൈകോടതി

കൊച്ചി: സംസ്ഥാന സർക്കാറിന്‍റെ അധ്യാപക നിയമന പാക്കേജിന് ഹൈകോടതിയിൽ തിരിച്ചടി. അധ്യാപക നിയമനത്തിന് സർക്കാറിന്‍റെ മുൻകൂർ അനുമതി വേണ്ടെന്ന് ഹൈകോടതി വിധിച്ചു. സർക്കാർ നിശ്ചയിച്ച 45 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന 1:45 അനുപാതം കോടതി റദ്ദാക്കി. എന്നാൽ, എൽ.പി സ്കൂളിൽ (ഒന്ന് മുതൽ അഞ്ച് ക്ലാസ് വരെ) 1:30 അനുപാതവും യു.പി സ്കൂളിൽ (ആറ് മുതൽ എട്ട് ക്ലാസ് വരെ) 1:35 അനുപാതവും നടപ്പാക്കണം. പ്രൈമറി ക്ലാസുകളിൽ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെന്നും ഹൈകോടതി ഉത്തരവിട്ടു.

സംസ്ഥാനത്തെ 30 എയ്ഡഡ് സ്കൂൾ മാനേജ്െമന്‍റുകളും അധ്യാപക സംഘടനയായ കെ.പി.എസ്.ടി.യുവും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍റെ സുപ്രധാന വിധി. സ്റ്റാഫ് ഫിക്സേഷൻ സംബന്ധിച്ച സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിന്‍റെ പ്രാബല്യവും ഹൈകോടതി റദ്ദാക്കിയിട്ടുണ്ട്. സര്‍ക്കാർ തീരുമാനം കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

സ്റ്റാഫ് ഫിക്സേഷൻ കൊണ്ടു വന്നാൽ വലിയ സാമ്പത്തിക ബാധ്യത സർക്കാറിനുണ്ടാകുമെന്ന വാദമാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. ഹൈകോടതി വിധിക്കെതിരെ സർക്കാറിന് ഡിവിഷൻ ബെഞ്ചിനെ സമീപിക്കാവുന്നതാണ്. കേരള വിദ്യാഭ്യാസ ചട്ടത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതിയാണ് ഹൈകോടതി സിംഗ്ൾ ബെഞ്ച് റദ്ദാക്കിയത്. 2015-16 മുതലുള്ള തസ്തിക നിര്‍ണയം 1:45 അനുപാതത്തിൽ ആയിരിക്കണമെന്നാണ് അധ്യാപക പാക്കേജിൽ സർക്കാർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ നാലു വർഷമായി സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്തു വരുന്ന രണ്ടായിരത്തിലധികം അധ്യാപകരുടെ കാര്യത്തിലാണ് ഹൈകോടതി വിധിയിലൂടെ തീരുമാനമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.