കട്ടച്ചിറയില്‍ തമിഴ്നാട് സ്വദേശിയുടെ വെട്ടേറ്റ വൃദ്ധദമ്പതികളില്‍ ഭര്‍ത്താവും മരിച്ചു


ഗാന്ധിനഗര്‍ (കോട്ടയം): കട്ടച്ചിറയില്‍ തമിഴ്നാട് സ്വദേശിയുടെ വെട്ടേറ്റ വൃദ്ധദമ്പതികളില്‍ ഭര്‍ത്താവും മരിച്ചു. കടപ്പൂര്‍ പിണ്ടിപ്പുഴ മുത്തേടത്ത് ജേക്കബാണ് (82) മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തിങ്കളാഴ്ച വൈകീട്ട് തമിഴ്നാട് സ്വദേശിയുടെ വെട്ടേറ്റ ജേക്കബിന്‍െറ ഭാര്യ ത്രേസ്യാമ്മയുടെ മൃതദേഹം ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ സംസ്കരിച്ച് അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഭര്‍ത്താവ് ജേക്കബും മരണത്തിന് കീഴടങ്ങിയത്.
കട്ടച്ചിറ പുളിയമ്പള്ളിയില്‍ കത്രീനയുടെ മകള്‍ ജ്യോതിയുടെ ഭര്‍ത്താവും തമിഴ്നാട് വേളാങ്കണ്ണി സ്വദേശിയുമായ മുരുകന്‍െറ സുഹൃത്തുമായ മുരുകേശനാണ് (30) ആക്രമണം നടത്തിയത്. ഇഷ്ടിക നിര്‍മാണ മേഖലയില്‍ ജോലി അന്വേഷിച്ചത്തെിയ മുരുകേശന്‍ മൂന്നുദിവസമായി മുരുകന്‍െറ വീട്ടിലായിരുന്നു താമസം. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച മുരുകേശനെ സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കാനുള്ള മുരുകന്‍െറയും ബന്ധുക്കളുടെയും തീരുമാനമാണ് പ്രകോപിപ്പിച്ചത്. പ്രകോപനമൊന്നും കൂടാതെ ഇയാള്‍ വീട്ടിലുണ്ടായിരുന്നവരെയും കണ്ണില്‍ കണ്ടവരെയും വെട്ടുകത്തിക്ക് വെട്ടി. അവസാനമാണ് ജേക്കബിനെയും ഭാര്യ ത്രേസ്യാമ്മയെയും വെട്ടിയത്. വെട്ടേറ്റ് ത്രേസ്യാമ്മ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ മാത്തൂര്‍ വല്യേട്ടപറമ്പില്‍ ശാന്ത, കത്രീന, രാജു എന്നിവര്‍ ചികിത്സയിലാണ്.
ഏറ്റുമാനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ജേക്കബിന്‍െറ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  മക്കള്‍: ജയിംസ്, ബിജു(ബംഗളൂരു), മാത്യു, ബെറ്റി. മരുമക്കള്‍: റിനി, ഷൈനി, ജാന്‍സി, വിഷ്ണു (കൊച്ചി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഏറ്റുമാനൂര്‍ യഹോവായുടെ പള്ളി സെമിത്തേരിയില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.