ഹാരിസൺസിന്‍റെ തട്ടിപ്പുകൾ കേന്ദ്ര ധനമന്ത്രാലയം നേരിട്ട് അന്വേഷിക്കുന്നു

പത്തനംതിട്ട: ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയുടെ തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണത്തിൽ കേന്ദ്ര സർക്കാറും ഇടപെടുന്നു. കമ്പനിയുടെ ഭൂമിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും അതിനെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികളും അപ്പപ്പോൾ അറിയിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സർക്കാറിന് നിർദേശം നൽകി. കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി നരേന്ദ്ര കുമാർ നവംബർ 30ന് സംസ്ഥാന റവന്യൂ വകുപ്പ് ജോയിൻറ് സെക്രട്ടറി ടി. വിജയകുമാറിന് അയച്ച ഓഫിസ് മെമ്മോറാണ്ടത്തിലാണ് ഈ നിർദേശം നൽകിയത്.

എൻഫോഴ്സ് ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയം എന്നിവർക്ക് സംസ്ഥാന സർക്കാർ നൽകിയിരുന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവയിൽനിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്പനിക്കെതിരായ നടപടികൾ തങ്ങളെ നേരിട്ട് അറിയിക്കണമെന്ന് നിർദേശിക്കുന്നതെന്നും ധനമന്ത്രാലയം അറിയിപ്പിൽ പറയുന്നു.  

ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിക്കെതിരായ കേസ് പരിഗണിക്കവെ നവംബർ 25ന് കേരള ഹൈകോടതി ഹാരിസൺസ് വിദേശ കമ്പനിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ, രാജ്യത്തിെൻറ പരമാധികാരത്തെ ചോദ്യംചെയ്തും വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചുമാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന സംസ്ഥാന സർക്കാറിെൻറ വാദം ശരിയെന്ന് തെളിഞ്ഞു.

ഇന്ത്യക്ക് സ്വാതന്ത്ര്യം അനുവദിച്ച് ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, ഇന്ത്യൻ ഭരണഘടന, 1956ലെ ഇന്ത്യൻ കമ്പനീസ് ആക്ട്, 1957ലെ കേരള ഭൂ സംരക്ഷണ നിയമം, 1963ലെ കേരള ഭൂപരിഷ്കരണ നിയമം, 1973ലെ വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം (ഫെറ), പുതുവൽ നിയമം, 1955ലെ ഇടവകറൈറ്റ്സ് അക്വിസിഷൻ ആക്ട് തുടങ്ങിയവയെല്ലാം ഹാരിസൺസ് ലംഘിച്ചെന്നതിന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ തെളിവ് നിരത്തിയിരുന്നു. എച്ച്.എം.എൽ തന്നെ പറയുന്ന അവരുടെ കമ്പനിയുടെ ചരിത്രം അനുസരിച്ച് 1977വരെ ഇവിടെ പ്രവർത്തിച്ചുവന്ന എച്ച്.എം.എല്ലിെൻറ പൂർവ കമ്പനികളൊന്നും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തവയല്ല.

പകരം ബ്രിട്ടീഷ് നിയമ പ്രകാരം ലണ്ടനിൽ രജിസ്റ്റർ ചെയ്തവയായിരുന്നു. 1947 ആഗസ്റ്റ് 15ന് ശേഷം ബ്രിട്ടീഷ് നിയമങ്ങളൊന്നും ഇന്ത്യക്ക് ബാധകമല്ലെന്ന് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിൽ പറയുന്നു. അതിൽനിന്ന് 1977വരെ ബ്രിട്ടീഷ് കമ്പനികൾ ഇവിടെ പ്രവർത്തിച്ചത് നിയമം ലംഘിച്ചാണെന്ന് വ്യക്തമാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 29വരെ ഹാരിസൺസിെൻറ 19 ശതമാനം ഓഹരികൾ ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാേൻറഷൻസിനായിരുന്നു. അതെല്ലാം പരിഗണിച്ചാണ് ഹാരിസൺസ് വിദേശ കമ്പനിയാണെന്ന് ഹൈകോടതി പ്രസ്താവിച്ചത്. ഇതോടെ, കമ്പനിയുടെ കൈവശ ഭൂമി സർക്കാറിന് അവകാശപ്പെട്ടതാണെന്ന വാദവും ശരിയെന്ന് വരുകയാണ്. സംസ്ഥാനത്ത് എട്ട് ജില്ലകളിലായി ഒരുലക്ഷം ഏക്കർ ഭൂമിയിലേറെയാണ് കമ്പനി കൈവശം വെച്ചിരിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.