മുല്ലപ്പെരിയാര്‍ ഇടുക്കി, തേനി കലക്ടര്‍മാര്‍ സന്ദര്‍ശിച്ചു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇടുക്കി, തേനി കലക്ടര്‍മാര്‍ സംയുക്തമായി സന്ദര്‍ശനം നടത്തി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെ ജലനിരപ്പ് താഴ്ത്തുന്നതിനായി ഇടുക്കി ജലസംഭരണിയിലേക്ക് ഒരു ടി.എം.സി ജലം ഒഴുക്കി.
അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച രാത്രി എട്ടോടെയാണ് 142 അടിയിലേക്ക് ഉയര്‍ന്നത്. പെരിയാര്‍ വനമേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് സെക്കന്‍ഡില്‍ 7000 ഘന അടിയായി ഉയര്‍ന്നതോടെ തമിഴ്നാട് അധികൃതരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ജലനിരപ്പ് അതിവേഗം ഉയരുകയായിരുന്നു. ജലനിരപ്പ് 142ന് മുകളിലത്തെുമെന്ന് ഉറപ്പായതോടെ പരിഭ്രാന്തരായ തമിഴ്നാട് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കാതെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. അണക്കെട്ടിലെ എട്ടു സ്പില്‍വേ ഷട്ടറുകള്‍ വഴിയാണ് ഒന്നേകാല്‍ ദശലക്ഷം ഘന അടിയോളം ജലം ഇടുക്കിയിലേക്ക് ഒഴുകിയത്.
ഇടുക്കിയിലേക്ക് ജലം ഒഴുക്കിയതിനൊപ്പം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്ന ജലത്തിന്‍െറ അളവ് സെക്കന്‍ഡില്‍ 1913 ഘന അടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവുവന്നതോടെ പുലര്‍ച്ചെ 5.30ന് ഷട്ടറുകള്‍ മുഴുവന്‍ താഴ്ത്തി ഇടുക്കിയിലേക്ക് ജലം ഒഴുക്കുന്നത് തമിഴ്നാട് നിര്‍ത്തി. എന്നാല്‍, വീണ്ടും ജലനിരപ്പ് ഉയര്‍ന്നതോടെ രാവിലെ പത്തിന് സ്പില്‍വേയിലെ രണ്ട്, മൂന്ന്, ഏഴ് ഷട്ടറുകള്‍ അരയടി തുറന്ന് മൂന്നു ഷട്ടറുകള്‍ വഴിയും 600 ഘന അടി ജലം ഇടുക്കിയിലേക്ക് ഒഴുക്കാന്‍ തുടങ്ങി. ഇത് ഇപ്പോഴും തുടരുകയാണ്. അണക്കെട്ടില്‍നിന്ന് മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ടത് വ്യാപക പ്രതിഷേധത്തിനിടയാക്കി. സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ ജനറേറ്റര്‍ തകരാര്‍ മൂലം തൊഴിലാളികളെയാണ് ഉപയോഗിച്ചത്.
വൈകീട്ട് മഴയുടെ ശക്തി കുറഞ്ഞതോടെ നീരൊഴുക്ക് സെക്കന്‍ഡില്‍ 3381 ഘന അടിയായി കുറഞ്ഞു.
7585 ദശലക്ഷം ഘന അടി ജലമാണ് അണക്കെട്ടില്‍ സംഭരിക്കപ്പെട്ടിട്ടുള്ളത്. ജലനിരപ്പ് 141 അടിയിലേക്ക് താഴ്ത്താന്‍ ധാരണയായെങ്കിലും 136ന് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നത് പെരിയാര്‍ തീരങ്ങളിലെ ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.