മുല്ലപ്പെരിയാര്‍: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ താഴ്വാരങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ വി. രതീശന്‍ അവലോകനം ചെയ്തു. ഡാമിന്‍െറ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളിലെ ക്രമീകരണങ്ങളും വകുപ്പ് ഉദ്യോഗസ്ഥരുമായി കലക്ടര്‍ ചര്‍ച്ചചെയ്തു. ബന്ധപ്പെട്ട വില്ളേജ് ഓഫിസര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും അവധി ദിവസവും ജില്ലയില്‍ ഉണ്ടാകണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി.
ഡാമില്‍നിന്ന് വെള്ളം തുറന്നുവിടേണ്ടിവന്നാല്‍ ആദ്യം ബാധിക്കുന്ന വണ്ടിപ്പെരിയാര്‍ വില്ളേജിലെ കുടുംബങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള വള്ളക്കടവ് പള്ളി സ്കൂള്‍, വഞ്ചിവയല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ താമസസൗകര്യം ഏര്‍പ്പെടുത്തും. ഇവിടത്തെ 129 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഏഴ് വീടുകള്‍ക്ക് ഒരു കണ്‍വീനര്‍ എന്ന നിലയില്‍ 19 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മാറ്റിപ്പാര്‍പ്പിക്കുന്നവര്‍ക്ക് ഭക്ഷണവും അടിസ്ഥാനസൗകര്യവും ഏര്‍പ്പെടുത്താന്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.