കോട്ടയം: റബർ വില 150 രൂപയിൽ ഉറപ്പിക്കാൻ സംസ്ഥാന സർക്കാർ നീക്കിവെച്ച 300 കോടിയിൽ ഇതുവരെ വിതരണം ചെയ്തത് 30 കോടിയിൽ താഴെമാത്രം. തുക അർഹതയുള്ള കർഷകർക്ക് പോലും കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന പരാതി ശക്തമാണ്. തുക വിതരണത്തിൽ റബർ ബോർഡ് ഗുരുതര വീഴ്ച വരുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്നതിൽ സംസ്ഥാന സർക്കാറും പരാജയപ്പെട്ടെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാനം നീക്കിവെച്ച തുകക്ക് പുറമെ വിലസ്ഥിരതക്ക് കേന്ദ്രസർക്കാർ 300 കോടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ലഭിച്ചിട്ടില്ല. റബർ ബോർഡിന് നാഥനില്ലാതായിട്ട് ഒന്നരവർഷമായി. പുതിയ ചെയർമാനെ നിയമിക്കുന്നതിൽ കേന്ദ്രം തുടരുന്ന അലംഭാവവും പ്രതിസന്ധി രൂക്ഷമാക്കി. ചെയർമാൻ ഇല്ലാത്തതിനാൽ പുതിയ പദ്ധതികളും പ്രഖ്യാപിക്കുന്നില്ല.
കർഷകർക്കുള്ള ആനുകൂല്യങ്ങളെല്ലാം ചുവപ്പുനാടയിൽ കുടുങ്ങി. അതേസമയം, വിലസ്ഥിരത ഫണ്ടിലെ ശേഷിച്ച തുക ലാപ്സാകുമോയെന്ന ആശങ്കയിലാണ് കർഷകർ. റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ആവിഷ്കരിച്ച പദ്ധതി പാളിയതോടെ ഉൽപാദനത്തിലെ വരവും ചെലവും പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ് കർഷകർ. വിലയിടിവ് മധ്യകേരളത്തിലെ സാധാരണക്കാരുടെ സമ്പദ്ഘടനയെയും ജീവിത സാഹചര്യങ്ങളെ ബാധിച്ചു. റബർകൃഷി ഉപേഷിക്കുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. റബർ എടുക്കാൻ കച്ചവടക്കാരും തയാറല്ല. ആർ.എസ്.എസ്–നാല് ഇനം റബർ മാത്രമാണ് വിപണിയിൽ എത്തുന്നത്. അതും ന്യായവില കിട്ടാതെയാണ് കർഷകർ വിൽക്കുന്നത്.
ടാപ്പിങ് നിർത്താനാണ് കർഷകരുടെയും വിവിധ സംഘടനകളുടെയും തീരുമാനം. വിലയിടിവ് തടയാൻ കർഷകരിൽനിന്ന് ആർ.എസ്.എസ് നാല് ഗ്രേഡ് റബർ സംഭരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇത്തരം റബർ ഉൽപാദിപ്പിക്കുന്ന കർഷകർ നാമമാത്രമായതിനാൽ സാധാരണക്കാർക്ക് പ്രയോജനം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
ആറുവർഷമായി റബർ വില താഴോട്ടാണ് പോകുന്നത്. 260 രൂപ വരെയെത്തിയ വില ഇപ്പോൾ 100–105 രൂപ വരെയായി. ചിലയിടങ്ങളിൽ ഇത് 100ൽ താഴെയാണ്. അതേസമയം, ഉൽപാദന ചെലവ് 160–180 രൂപവരെയാണെന്ന് കർഷകർ പറയുന്നു. ഒരുകിലോ റബറിന് വിലയിടിവ് മൂലം ഉണ്ടാകുന്ന നഷ്ടം 60–80 രൂപയാണ്. വിലയിടിഞ്ഞതോടെ ഉൽപാദനത്തിലും വൻകുറവ് വന്നു. അഞ്ചുവർഷം മുമ്പ് ഉൽപാദനം എട്ടുലക്ഷം ടണ്ണായിരുന്നത് അഞ്ചുമുതൽ അഞ്ചരലക്ഷം ടണ്ണായി കുറഞ്ഞു.
റബറിെൻറ നികുതി കൃത്യമായി പിരിച്ചും വായ്പകൾ തിരിച്ചുപിടിച്ചും റബർ ബോർഡും ബാങ്കുകളും കർഷകരെ ദുരിതത്തിലാക്കുന്നുണ്ട്. ഉൽപാദന നഷ്ടം ലക്ഷക്കണക്കിന് ടൺ കുറഞ്ഞതോടെ കർഷകർക്കുണ്ടായ നഷ്ടം 23,000 കോടിക്കു മുകളിലാണെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചു. ഈ നിലയിൽ പോയാൽ അടുത്ത അഞ്ചുവർഷത്തിനകം കേരളത്തിൽ റബർകൃഷി അന്യമാകുമെന്ന മുന്നറിയിപ്പാണ് കർഷകർ നൽകുന്നത്. ഇപ്പോഴും വൻകിട ടയർ കമ്പനികൾക്ക് റബർ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകുകയാണ്. ടയർ കമ്പനികളുടെ ലാഭം ഓരോ വർഷവും കുതിച്ചുയരുന്നു. അഞ്ചു കമ്പനികളുടെ മാത്രം അർധവാർഷിക ലാഭം 4600 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.