ഹൈബിയും വിഷ്ണുനാഥും മോൻസ് ജോസഫും കമീഷൻ വാങ്ങി -ബിജു രാധാകൃഷ്ണൻ

കൊച്ചി: എം.എൽ.എമാരായ ഹൈബി ഈഡൻ, പി.സി. വിഷ്ണുനാഥ്, മോൻസ് ജോസഫ് എന്നിവർ ടീം സോളാറിൽ നിന്ന് കമീഷൻ പറ്റിയിട്ടുണ്ടെന്ന് സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ. സോളാർ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമീഷന് നൽകിയ മൊഴിയിലാണ് ബിജുവിൻെറ വെളിപ്പെടുത്തൽ. കമ്പനി നടത്താൻ വേണ്ടി ആര്യാടൻ മുഹമ്മദ്, കെ.സി വേണുഗോപാൽ, കെ.ബി ഗണേഷ്കുമാർ എന്നിവർക്ക് ലക്ഷങ്ങൾ കൈമാറിയിട്ടുണ്ട് എന്ന് ഇന്നലെ ബിജു രാധാകൃഷ്ണൻ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിൻെറ പുതിയ വെളിപ്പെടുത്തൽ.

മൊത്തം ലാഭത്തിൻെറ 20 ശതമാനമാണ് ഈ മൂന്ന് എം.എൽ.എമാരും കമീഷൻ പറ്റിയത്. കൊച്ചിയിൽ നടന്ന എക്സ്പോയിലടക്കം കമ്പനിയുടെ പ്രമോഷനുവേണ്ടി ജനപ്രതിനിധികൾ പ്രവർത്തിച്ചു. മോൻസ് ജോസഫുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ബിജു രാധാകൃഷ്ണൻ പറഞ്ഞു. എറണാകുളം സിറ്റി പൊലീസ് കമീഷണർ ഓഫീസിലെ ക്യാമ്പ് ഓഫീസിൻെറ സോളാർ ഹീറ്റർ സ്ഥാപിക്കാനും സി.എം.എസ് കോളജ് അടക്കം 12 സ്ഥലങ്ങളിൽ സോളാർ പ്രൊഡക്ടിനുള്ള ഓർഡർ വാങ്ങിത്തരാനും ഹൈബി ഈഡൻ സഹായിച്ചു എന്നും ബിജു രമേശ് മൊഴി നൽകി.

കെ.സി വേണുഗോപാലിന് രണ്ടു തവണയായി 35 ലക്ഷം രൂപ നൽകി എന്നായിരുന്നു ബിജു ഇന്നലെ നൽകിയ മൊഴി. കേന്ദ്ര സർക്കാറിൻെറ എം.എൻ.ആർ.ഇ വിഭാഗത്തിൻെറയും അനർട്ടിൻെറയും ചാനൽ പാർട്ണറായി പ്രവർത്തിക്കുന്നതിനാണ് പണം നൽകിയത്. ഗണേശ്കുമാറിന് 40 ലക്ഷം നൽകി. കോട്ടയത്ത് ഒരു പരിപാടിക്കെത്തിയ ആര്യാടൻ മുഹമ്മദിൻെറ കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് 15 ലക്ഷം രൂപയാണ് കൈമാറിയതെന്നും ബിജു ഇന്നലെ മൊഴി നൽകിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.