കുടുംബ ആത്മഹത്യ: സഹോദരിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചനിലയില്‍

തിരുവനന്തപുരം/കിളിമാനൂര്‍: ആക്കുളം കായലില്‍ ചാടി മാതാവും മകളും മരിച്ചതിന് പിന്നാലെ കുടുംബത്തിലെ ഒരംഗം കൂടി ആത്മഹത്യ ചെയ്തു. കഴിഞ്ഞദിവസം മരിച്ച ജാസ്മിന്‍െറ സഹോദരി കിളിമാനൂര്‍ പുതിയകാവ് അയ്യപ്പന്‍കാവ് നഗര്‍ ജാസ്മിന്‍ മന്‍സിലില്‍ സൈനുദ്ദീന്‍െറ ഇളയ മകള്‍ സജിനയാണ് (25) പേട്ടയില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. പേട്ട അറപ്പുരവിളാകം ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. രണ്ട് ജീവന്‍ പൊലിഞ്ഞ ആഘാതത്തില്‍നിന്ന് കുടുംബവും നാട്ടുകാരും മുക്തരാകുംമുമ്പാണ് മറ്റൊരു ദുരന്തംകൂടി.
ജാസ്മിന്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. സജിനയും ഇവര്‍ക്കൊപ്പമായിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തില്‍ ജീവനക്കാരിയായിരുന്നു സജിന. ജോലി സംബന്ധമായി ദിവസങ്ങളായി ബംഗളൂരുവില്‍ ആയിരുന്ന ഇവര്‍ ഞായറാഴ്ച വൈകീട്ട് നാട്ടിലേക്ക് പുറപ്പെട്ടു. യാത്രക്കിടയില്‍ മാതാവിനെയും സഹോദരിയെയും മകളെയും തിരക്കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച് ഓഫ് ആയിരുന്നത്രെ. ബംഗളൂരു ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയശേഷം സ്വന്തം സ്കൂട്ടറിലാണ് പേട്ടയിലേക്ക് പോയത്. സ്കൂട്ടര്‍ ട്രാക്കിന് സമീപം ഉപേക്ഷിച്ച് ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നെന്ന് കരുതുന്നു. സ്കൂട്ടര്‍ സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് മരിച്ചത് സജിനയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പേട്ട പൊലീസ് തുടര്‍നടപടി സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയാണ് സജിനയുടെ മാതാവ് സോഫിദ (50), സഹോദരി ജാസ്മിന്‍ (35), മകള്‍ ഫാത്തിമ (മൂന്നര) എന്നിവര്‍ ആക്കുളം കായലില്‍ ചാടിയത്. ഇതില്‍ സോഫിദയെ രക്ഷിച്ചെങ്കിലും സഹോദരിയും മകളും മരിച്ചിരുന്നു. ജാസ്മിന്‍െറ മറ്റു മക്കളായ റംസിന്‍ (10), റൈഹാന്‍ (11) എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് അവരുടെ ഹ്യുണ്ടായി കാറില്‍ പാലത്തിനുസമീപം എത്തിയത്. ജാസ്മിന്‍ മക്കളെയുംകൊണ്ട് ചാടാന്‍ തയാറെടുത്തു. ഇളയകുട്ടിയെയുംകൊണ്ട് ജാസ്മിനും ഒപ്പം സോഫിദയും ചാടിയെങ്കിലും മറ്റു കുട്ടികളെ അതുവഴി വന്നവര്‍ തടഞ്ഞു. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി.

കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചത് വന്‍ സാമ്പത്തികബാധ്യത

കിളിമാനൂര്‍: ആക്കുളം കായലില്‍ ചാടി യുവതിയും കുഞ്ഞും മരിച്ചതിനുപിന്നാലെ യുവതിയുടെ സഹോദരി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം വന്‍ സാമ്പത്തിക ബാധ്യതയത്തെുടര്‍ന്നെന്ന് സൂചന. വിദേശത്ത് ജയിലില്‍ കഴിയുന്ന യുവതിയുടെ ഭര്‍ത്താവിന്‍െറ മോചനദ്രവ്യമായി നല്‍കിയ ഭീമമായ തുക ഇയാളുടെ സുഹൃത്ത് യഥാസമയം കോടതിയില്‍ അടക്കാത്തതാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു.

ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് പൊലീസും ബന്ധുക്കളും പറയുന്നതിങ്ങനെ: വര്‍ഷങ്ങളായി ഖത്തറിലുള്ള ജാസ്മിന്‍െറ ഭര്‍ത്താവ് റഹീം ഒരു വര്‍ഷത്തോളമായി 150 ല്‍പരം വരുന്ന തൊഴിലാളികളുമായി സ്വന്തമായി കമ്പനി നടത്തിവരുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെയുണ്ടായ വാഹനാപകടത്തില്‍ റഹീമിന് സാരമായി പരിക്കേറ്റിരുന്നു. ഈസമയം ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മക്കളെയും നാട്ടിലയച്ചു. കമ്പനിയില്‍ മാസങ്ങളോളം എത്താത്തതോടെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ വന്നു. ഇതേതുടര്‍ന്ന് തൊഴിലാളികള്‍ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതോടെ കസ്റ്റഡിയിലായ റഹീം തൊഴിലാളികളുടെ ശമ്പളകുടിശ്ശികയടക്കം മോചനദ്രവ്യമായി ഒരു കോടി 20 ലക്ഷം രൂപ അടക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതേതുടര്‍ന്ന് ആലംകോട്ടുള്ള വസ്തു വിറ്റ് ഈ പണം റഹീമിന്‍െറ പരിചയക്കാരനും കുടുംബസുഹൃത്തുമായ നാസര്‍ എന്നയാള്‍ക്ക് നല്‍കിയിരുന്നത്രെ. എന്നാല്‍,  പണം നാസര്‍ യഥാസമയം കോടതിയില്‍ കെട്ടിവെച്ചില്ല. ഞായറാഴ്ചയായിരുന്നു പണം അടക്കാനുള്ള അവസാന തീയതി. ഖത്തറില്‍ നിന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ഈ വിവരം റഹീം ജാസ്മിനെ അറിയിച്ചത്. ഇതിനുശേഷമാണ് മൊബൈല്‍ഫോണും വസ്തുക്കളും വിറ്റതടക്കമുള്ള രേഖകളും വീട്ടില്‍വെച്ചശേഷം ജാസ്മിനും മാതാവും മക്കളുമായി തിരുവനന്തപുരത്തേക്ക് പോയത്. രേഖകളും മൊബൈല്‍ഫോണും പൊലീസ് കണ്ടെടുത്തു. നാസര്‍ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.