മലയാളത്തിന്‍െറ ഓണാഘോഷത്തില്‍ പങ്കാളിയായി രാഹുല്‍ ദ്രാവിഡ്

കൃഷ്ണഗിരി: മലയാളത്തിന്‍െറ ഓണാഘോഷത്തില്‍ പങ്കാളിയായി രാഹുല്‍ ദ്രാവിഡ്. ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരെ വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ചതുര്‍ദിന മത്സരത്തിന്‍െറ മൂന്നാം നാളില്‍ ഇന്ത്യ ‘എ’ ടീം പരിശീലകന്‍കൂടിയായ ബാറ്റിങ് ഇതിഹാസം സംഘാടകര്‍ ഒരുക്കിയ ഓണസദ്യയുണ്ട് മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് ഓണാശംസ നേര്‍ന്നു.  മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ ഡൈനിങ് ഏരിയയിലാണ് ടീം ഒഫിഷ്യല്‍സിനും മാച്ച് റഫറിക്കുമൊപ്പം ദ്രാവിഡ് ഓണസദ്യയുണ്ടത്. സദ്യ ആസ്വദിച്ച് കഴിച്ച ദ്രാവിഡ് ഭക്ഷണം കേമമായിരുന്നെന്ന് പിന്നീട് സംഘാടകരോട് പറഞ്ഞു. ടീം അധികൃതര്‍ ഒരുക്കുന്ന പ്രത്യേക മെനുവാണ് താരങ്ങള്‍ക്കും ഒഫിഷ്യല്‍സിനും നല്‍കിയിരുന്നത്.
ബംഗളൂരുകാരനായ ദ്രാവിഡ് എരിവും പുളിയും കുറഞ്ഞ ഈ ഭക്ഷണരീതികളില്‍നിന്ന് മാറി പതിവു കേരളീയ ഭക്ഷണത്തോട് താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങളായി മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒരുക്കുന്ന ഉച്ചഭക്ഷണമാണ് ദ്രാവിഡ് കഴിക്കുന്നത്. വ്യാഴാഴ്ച ഓണസദ്യയാണ് വിളമ്പുന്നതെന്ന് അറിഞ്ഞ ദ്രാവിഡ് അതില്‍ പങ്കാളിയാവാന്‍ താല്‍പര്യം കാട്ടുകയായിരുന്നു. പപ്പടവും പായസവും കറിക്കൂട്ടുകളുമൊക്കെയായി ഇലയില്‍ വിളമ്പിയ ഓണസദ്യ കഴിച്ച ദ്രാവിഡ് ഇത്തരമൊരു അവസരമൊരുക്കിയതിന് സംഘാടകര്‍ക്ക് നന്ദിപറഞ്ഞു.
രാത്രി താമസസ്ഥലമായ വൈത്തിരി വില്ളേജ് റിസോര്‍ട്ടില്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയ ഓണാഘോഷങ്ങളിലും അദ്ദേഹം പങ്കാളിയായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.