ഡി.ജി.പിയുടെ സര്‍ക്കുലറുകള്‍ക്ക് പുല്ലുവില; ഇത് കണ്ണവം പൊലീസ് സ്റ്റൈല്‍!


നട്ടെല്ലിന് അസുഖമുള്ള 18കാരനെയും സുഹൃത്തിനെയും കണ്ണവം എ.എസ്.ഐയും പൊലീസ് ഡ്രൈവറുമാണ് ക്രൂരമായി മര്‍ദിച്ചത്
തലശ്ശേരി: പൊതുജനങ്ങളോടുള്ള പെരുമാറ്റ രീതികളില്‍ ‘എടാ, പോടാ’ വിളിപോലും പാടില്ളെന്ന് കര്‍ശനമായി സര്‍ക്കുലറുകളിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്ന സംസ്ഥാന പൊലീസ് മേധാവിക്ക് കണ്ണവം പൊലീസിന്‍െറ വക ‘തിരുത്ത്’. രണ്ട് വിദ്യാര്‍ഥികളെ മര്‍ദിച്ചാണ് തങ്ങളുടെ തിരുത്ത് പൊലീസ് സംഘം വ്യക്തമാക്കിയത്.
ലൈസന്‍സ് ഇല്ലാതിരുന്ന, നട്ടെല്ലിന് അസുഖമുള്ള 18കാരനെയും സുഹൃത്തിനെയും കണ്ണവം എ.എസ്.ഐയും പൊലീസ് ഡ്രൈവറും കൂടിയാണ് ക്രൂരമായി മര്‍ദിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ കണ്ണവം ചങ്ങല റോഡിലായിരുന്നു സംഭവം.
പുതിയ വണ്ടിയുമായി ചങ്ങല റോഡിലെ കാഴ്ച കാണാനിറങ്ങിയതായിരുന്നു ശിവപുരം എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാര്‍ഥികളായ ഉരുവച്ചാല്‍ കയനിയിലെ ‘ബാബുല്‍ നൂറി’ല്‍ മുഹ്സിനും (18) സുഹൃത്ത് മുബഷിറും. പുതിയ വണ്ടി ആയതിനാല്‍ നമ്പര്‍ പ്ളേറ്റ് ഘടിപ്പിച്ചിരുന്നില്ല. ലൈസന്‍സിന് അപേക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍, കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് മര്‍ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
മുഹ്സിന്‍െറ തലക്കായിരുന്നു എ.എസ്.ഐയുടെ പ്രഹരം. കഞ്ചാവ് കടത്തുകാരനല്ളേടാ എന്നും പറഞ്ഞ് തെറിയഭിഷേകം നടത്തി വയറിന് കുത്തുകയായിരുന്നു പൊലീസ് ഡ്രൈവര്‍ നവാസ്. ജന്മനാ നട്ടെല്ലിന് വളവുള്ള മുഹ്സിന്‍ ശസ്ത്രക്രിയ ചെയ്യുന്നതിന്‍െറ ഭാഗമായി ആറ് മാസമായി പ്രത്യേക ചികിത്സയും നടത്തിവരുന്നുണ്ടായിരുന്നു. വയറിന് കുത്തിയതോടെ ശ്വാസം കിട്ടാതായി. മുഹ്സിന്‍ അസുഖബാധിതനാണെന്ന് പറയാന്‍ തുനിഞ്ഞ മുബഷിറിനും ചെവിയടക്കം ഒരടി കിട്ടി. പിന്നീട് മുഹ്സിന്‍െറ നട്ടെല്ലിന് വളവുള്ള ഭാഗത്തുതന്നെ മര്‍ദനം തുടര്‍ന്നു. തുടര്‍ന്ന് സ്റ്റേഷനിലത്തെിക്കുകയായിരുന്നു. വീട്ടുകാരത്തെി രാത്രിയോടെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലത്തെിച്ചത്. ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി അയച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിക്കും പൊലീസിലെ ഉന്നതര്‍ക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണെന്നും അവര്‍ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.