ഹനീഫവധം: ദൃക്സാക്ഷിയായ ഉമ്മയുടെ മൊഴി എടുക്കാതെ അന്വേഷണം അവസാനിപ്പിക്കുന്നു

ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തിരുവത്രയിലെ എ.സി. ഹനീഫയെ ഗുണ്ടകള്‍ കൊലപ്പെടുത്തുന്നതിന്‍െറ പ്രധാന ദൃക്സാക്ഷിയായ അദ്ദേഹത്തിന്‍െറ ഉമ്മയുടെ മൊഴിയെടുക്കാതെ പ്രത്യേക പൊലീസ് സംഘം കേസിന്‍െറ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നു.
 രാത്രി ഉമ്മ ഐഷാബിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അട്ടഹസിച്ചത്തെിയ അക്രമികള്‍ ഹനീഫയെ കൊലക്കത്തിക്കിരയാക്കിയത്. അവരെ സന്ദര്‍ശിക്കാനത്തെിയ സി.പി.എം നേതാവ് പിണറായി വിജയന്‍, കെ.പി.സിസി പ്രസിഡന്‍റ് വി.എം. സുധീരന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരോടൊക്കെ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ പേരും വിശദ വിവരങ്ങളും വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ഐഷാബിയുടെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം തയാറായിട്ടില്ല. സംഭവം കണ്ട് തളര്‍ന്നവീണ് ഐഷാബി ആശുപത്രിയിലായിരുന്നു. ഹൃദ്രോഗ ശസ്ത്രക്രിയക്ക് ശേഷം അവര്‍ സുഖം പ്രാപിച്ചു വരികയാണ്.
 കേസ് അന്വേഷണത്തിന്‍െറ ഇപ്പോഴത്തെ ഗതിയില്‍ ഹനീഫയുടെ കുടുംബം തൃപ്തരല്ല. അതിനാല്‍, പൊലീസ് നടപടിയിലുള്ള അതൃപ്തിയറിയിച്ച് ആഭ്യന്തര മന്ത്രിക്ക് പരാതി അയക്കാനും ഹൈകോടതിയെ സമീപിക്കാനും ഹനീഫയുടെ കുടുംബം തീരുമാനിച്ചു. അഡ്വ. എ. ജയശങ്കറിന്‍െറ നേതൃത്വത്തില്‍ ഹനീഫയുടെ വീട് സന്ദര്‍ശിക്കാനത്തെിയ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ലോയേഴ്സിന്‍െറ സംസ്ഥാന നേതാക്കള്‍ ഇത്തരത്തില്‍ നീങ്ങാന്‍ ഉപദേശം കൊടുത്തിട്ടുണ്ട്. ഇതിനുള്ള നിയമസഹായവും ചെയ്യുമെന്ന് ജയശങ്കര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ഇതുവരെ പിടിയിലായ 11 പേരില്‍ പ്രധാന പ്രതികളായി നാലും ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച നാലും ഉള്‍പ്പെടെ എട്ടു പ്രതികള്‍ മാത്രമാണ് കേസിലുള്ളതെന്നാണ് അന്വേഷണ സംഘത്തിന്‍െറ നിഗമനം. ഇവരില്‍ നാലുപേര്‍ കഴിഞ്ഞ ജൂണ്‍ ഏഴിന് ഹനീഫയുടെ സഹോദര പുത്രനും കെ.എസ്.യു ബ്ളോക് പ്രസിഡന്‍റുമായ എ.എസ്. സെറൂക്കിനെ വെട്ടിയ കേസിലെ പ്രതികളാണ്. ഈ കേസില്‍ അന്ന് അവരെ പിടികൂടാതെ ഹനീഫയുടെ വധത്തിനു ശേഷമാണ് പിടികൂടിയത്. സംഭവത്തിലെ പ്രതികളെന്ന് പൊലീസ് കരുതുന്ന എട്ടുപേരും പിടിയിലായതോടെ അന്വേഷണത്തിന്‍െറ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കുന്ന നടപടിയിലേക്ക് പൊലീസ് നീങ്ങിയിരിക്കുകയാണ്. ശാസ്ത്രീയ തെളിവുകളും റിപ്പോര്‍ട്ടുകളും സംഭവത്തിന്‍െറ മറ്റു ദൃക്സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട് എന്നാണ് പൊലീസിന്‍െറ അവകാശവാദം. കൃത്യം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാധിക്കാവുന്ന നിലയിലാണ് അന്വേഷണത്തിന്‍െറ പുരോഗതിയെന്ന് അന്വേഷണ സംഘം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.
ഹനീഫ വധക്കേസില്‍ ദൃക്സാക്ഷികളുടെ മൊഴി പ്രകാരം ആറു മുഖ്യ പ്രതികളും മുഖ്യ പ്രതികളെ സഹായിച്ച അഞ്ചു പ്രതികളുമടക്കം 11 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അന്വേഷണ ഘട്ടത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷാഫി, പിടികിട്ടാനുള്ള സച്ചിന്‍ എന്നിവര്‍ക്ക് കൃത്യത്തില്‍ പങ്കില്ളെന്ന് കണ്ടു കേസില്‍ നിന്നും ഒഴിവാക്കാനാണ് അന്വേഷണ സംഘത്തിന്‍െറ തീരുമാനം.
കേസുമായി ബന്ധമില്ലാത്തവര്‍ പ്രതികളാകുന്നത് കോടതിയില്‍ പ്രതികൂലമാകുമെന്നതിനാലാണ് ഇതെന്നാണ് അന്വേഷണസംഘത്തിന്‍െറ ന്യായം. അതുപോലെ മുഖ്യ പ്രതികള്‍ക്ക് രക്ഷപ്പെടാനും ഒളിവില്‍ താമസിക്കാനും സൗകര്യമൊരുക്കിയ അഞ്ചു പ്രതികളില്‍ ഒരാളെയും ഒഴിവാക്കും. ഷമീര്‍, അന്‍സാര്‍, അഫ്സല്‍, ഫസലു, ഷംസീര്‍, റിംഷാദ്, ആബിദ്, സിദ്ദീഖ് എന്നിവരാണ് അന്വേഷണത്തിന്‍െറ ഒന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഹനീഫ വധക്കേസിലെ പ്രതികള്‍.
എന്നാല്‍ തനിക്ക് വധഭീഷണിയുള്ളതിനാല്‍ സമാധാനമായി ജീവിക്കാന്‍ സംവിധാനമൊരുക്കണമെന്നമാവാശ്യപ്പെട്ട് എ.സി. ഹനീഫ കഴിഞ്ഞ് ജൂണ്‍ എട്ടിന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി കഴിഞ്ഞ ദിവസം കണ്ടത്തെിയത് സംഭവത്തിന്‍െറ ഗതി മാറ്റാന്‍ സാധ്യതയുണ്ട്.
ഹനീഫക്ക് വധഭീഷണിയും ആക്രമണവുമുണ്ടായപ്പോള്‍ രണ്ട് വട്ടം ചാവക്കാട് സി.ഐക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് ജില്ലാ മേധാവിക്ക് പരാതി നല്‍കിയത്. സി.ഐയും എസ്.പിയും ഇക്കാര്യത്തില്‍ നടപടിയെടുക്കാതിരുന്നത് കോണ്‍ഗ്രസ് ഐ വിഭാഗത്തിന്‍െറ സ്വാധീനം കൊണ്ടാണെന്നാണ് ഹനീഫയുടെ ബന്ധുക്കളുടെ ആരോപണം. ഇക്കാര്യങ്ങള്‍കൂടി അന്വേഷണ പരിധിയിലുള്‍പ്പെടുത്തണമെന്നാണ് ഇവരുടെ പുതിയ ആവശ്യം.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.