റിലീസിങ്ങിന് തിയറ്റര്‍ നല്‍കാതെ ചതിച്ചെന്ന് ‘താരകങ്ങളേ സാക്ഷി’യുടെ നിര്‍മാതാവ്


കൊച്ചി: പ്രദര്‍ശനത്തിന് തിയറ്ററുകള്‍ ലഭ്യമാക്കാതെയും ഒടുവില്‍ റെഗുലര്‍ ഷോക്ക് പകരം നൂണ്‍ ഷോ മാത്രം നല്‍കിയും വിതരണക്കമ്പനി ചതിച്ചെന്ന പരാതിയുമായി നിര്‍മാതാവ് രംഗത്ത്. ഗോപകുമാര്‍ സംവിധാനം ചെയ്ത ‘താരകങ്ങളേ സാക്ഷി’ എന്ന ചിത്രത്തിന്‍െറ നിര്‍മാതാവ് ബൈജു മേനാച്ചേരിയാണ് വൈശാലി മൂവീസിനും കമ്പനിയുടമ വിനോദിനുമെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയത്.
റിലീസിങ്ങിന് 30 പ്ളസ് തിയറ്റര്‍ എടുത്തുതരാമെന്ന് ഉറപ്പുനല്‍കി രണ്ടുലക്ഷം രൂപ വാങ്ങുകയും എന്നാല്‍, വാക്ക് മാറ്റുകയുമായിരുന്നെന്ന് നിര്‍മാതാവ് ആരോപിച്ചു. കഴിഞ്ഞ 14ന് റിലീസിങ്ങിന് സൗകര്യം ഒരുക്കാമെന്നായിരുന്നു കരാര്‍. ഇതനുസരിച്ച് 12നുതന്നെ സെന്‍സറിങ്ങും ഡിജിറ്റല്‍ മീഡിയ വര്‍ക്കും തീര്‍ത്തു.
എന്നാല്‍, തലേന്ന് റിലീസിങ് 21ലേക്ക് മാറ്റിയതായി അറിയിച്ചു. ഒടുവില്‍ 21 തിയറ്ററുകളില്‍ നൂണ്‍ ഷോ മാത്രം ഏര്‍പ്പാടാക്കുകയായിരുന്നെന്ന് ബൈജു പറഞ്ഞു.
പല തിയറ്ററുകളിലും വിതരണക്കാരന്‍ സിനിമയെക്കുറിച്ച് സംസാരിച്ചിട്ടുപോലും ഉണ്ടായിരുന്നില്ളെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും നിര്‍മാതാവ് പരാതിപ്പെടുന്നു. വാര്‍ത്താസമ്മേളനത്തലില്‍  സംവിധായകന്‍ ഗോപകുമാര്‍ നാരായണപിള്ളയും പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.