തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ 24നോ 26നോ നടത്താം, സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കും

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നവംബര്‍ 24നോ 26നോ ഒറ്റ ഘട്ടമായി നടത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കും. ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള സന്നദ്ധതയും നിലവിലെ ഭരണസമിതിയുടെ കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കുന്നതിനാല്‍ നവംബര്‍ ഒന്നുമുതല്‍ ഒരുമാസത്തേക്ക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താമെന്നും അടുത്തമാസം മൂന്നിന് സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ അറിയിക്കും.
നവംബര്‍ 24നോ 26നോ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 28ന് ഫലപ്രഖ്യാപനം നടത്തി ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ക്ക് അധികാരമേല്‍ക്കാമെന്നും അറിയിക്കും.
പുനര്‍വിഭജിച്ച 69 ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ കടുംപിടിത്തത്തിന് തയാറല്ളെങ്കിലും 28 മുനിസിപ്പാലിറ്റികളിലും പുതിയ കണ്ണൂര്‍ കോര്‍പറേഷനിലും തെരഞ്ഞെടുപ്പ് വേണമെന്ന ശക്തമായ നിലപാടിലാണ് സര്‍ക്കാര്‍.
ഇക്കാര്യം ഉറപ്പാക്കുന്ന തരത്തിലായിരിക്കും സര്‍ക്കാറിന്‍െറ സത്യവാങ്മൂലം. ഇവ മുനിസിപ്പാലിറ്റി ആക്കിയില്ളെങ്കില്‍ അവിടങ്ങളിലെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതിയെ അറിയിക്കും. കേന്ദ്രഫണ്ട് നഷ്ടപ്പെട്ട സാഹചര്യവും ചൂണ്ടിക്കാട്ടും.
ഒക്ടോബര്‍ രണ്ടിന് ചുമതലയേല്‍ക്കേണ്ടിയിരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി, തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവെച്ചതിനാല്‍ കഴിഞ്ഞ തവണ നവംബര്‍ ഒന്നിനാണ് ചുമതലയേറ്റതെന്ന കാര്യവും ചൂണ്ടിക്കാട്ടും. കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും തെരഞ്ഞെടുപ്പ് ഒരുമാസത്തേക്ക് മാത്രം നീട്ടിവെക്കണമെന്നാകും സര്‍ക്കാറിന്‍െറ ആവശ്യം.
സര്‍ക്കാറിന്‍െറ സത്യവാങ്മൂലത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറും കമീഷനും തമ്മില്‍ ധാരണ രൂപപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന്‍െറ കാര്യത്തില്‍ ഇനി എന്ത് തീരുമാനമാണെങ്കിലും കോടതി കൈക്കൊള്ളട്ടെ എന്നാണ് കമീഷന്‍െറ നിലപാട്.
അതേസമയം, ധാരണ ലംഘിച്ച് കോടതിയില്‍ സര്‍ക്കാറിനെതിരെ കമീഷന്‍ നിലപാടെടുത്താല്‍ അതിനെ രാഷ്ട്രീയമായി നേരിടാനാണ് യു.ഡി.എഫ് തീരുമാനം. കമീഷന്‍ രാഷ്ട്രീയം കളിച്ചെന്ന വികാരം ഇപ്പോഴും ഭരണമുന്നണിയിലുണ്ട്. എന്നാലും തെരഞ്ഞെടുപ്പ് സമയക്രമം സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തെ കമീഷന്‍ എതിര്‍ക്കുന്നില്ളെങ്കില്‍ പഴയകാര്യങ്ങളെല്ലാം തല്‍ക്കാലം മറക്കാമെന്ന പൊതുവികാരമാണ് മുന്നണിയിലുള്ളത്. സര്‍ക്കാര്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിന്‍െറ കാര്യത്തില്‍ ഇനി തീരുമാനം കോടതിയുടേത് ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.