കോട്ടയം: നഗരമധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച. ഉത്രാടദിനത്തില്‍ സഹായം ചോദിച്ചത്തെിയ യുവാവാണ് ഒന്നര കിലോ സ്വര്‍ണാഭരണം കവര്‍ന്നത്. മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ളക്സിലെ ഏഴാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ‘അരുണ്‍സ് മരിയ ഗോള്‍ഡി’ല്‍നിന്നാണ് 35 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്. കടയിലെ സി.സി. ടിവിയില്‍ പതിഞ്ഞ യുവാവിന്‍െറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വ്യാഴാഴ്ച ഉച്ചക്ക് 2.35നാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഉച്ചകഴിഞ്ഞ് രണ്ടരയോടെ 35 വയസ്സ് തോന്നിക്കുന്ന കറുത്തനിറമുള്ള യുവാവ് സഹായാഭ്യാര്‍ഥന പേപ്പറുകളുമായി കടയിലത്തെി. മുഴുക്കൈയന്‍ ഷര്‍ട്ടും പാന്‍റ്സും ധരിച്ചത്തെിയ യുവാവ് സംസാരിക്കാതെ ആംഗ്യഭാഷയിലാണ് ആശയവിനിമയം നടത്തിയത്. ജീവനക്കാരന്‍ മോഹനന്‍ മാത്രമായിരുന്നു കടയിലുണ്ടായിരുന്നത്. മോഷ്ടാവ് നോട്ടീസുമായി കടക്കുള്ളിലേക്ക് കടക്കാന്‍ ഒരുങ്ങിയപ്പോള്‍ ആരുമില്ളെന്നുപറഞ്ഞ് തിരിച്ചയച്ചെങ്കിലും അധികം താമസിയാതെ വീണ്ടുമത്തെി. സഹായം നല്‍കിയവരുടെ പേരുവിവരങ്ങള്‍ ചേര്‍ത്ത പേപ്പര്‍ മോഹനന് നല്‍കി. മോഹനന്‍ ഇത് വായിക്കുന്ന തക്കംനോക്കി മേശപ്പുറത്ത് വെച്ചിരുന്ന സ്വര്‍ണം സൂക്ഷിച്ച ബോക്സ് മറ്റൊരു പേപ്പര്‍ ഉപയോഗിച്ച് തന്ത്രപൂര്‍വം മറച്ചുവെച്ചു. തുടര്‍ന്ന് മോഹനന്‍െറ കൈയില്‍നിന്ന് പേപ്പര്‍ തിരിച്ചുവാങ്ങുന്നതിനിടെ മറച്ചുവെച്ച സ്വര്‍ണാഭരണങ്ങളടങ്ങിയ ബോക്സ് കൈക്കലാക്കി മുങ്ങുകയായിരുന്നു.
കടയുടമ കുഴിമറ്റം സ്വദേശി അരുണ്‍ മര്‍ക്കോസ് ഭക്ഷണം കഴിക്കാന്‍ പുറത്തുപോയ സമയത്തായിരുന്നു മോഷണം. ഭക്ഷണം കഴിക്കുന്നതിനിടെ വിവരമറിഞ്ഞ് തിരിച്ചത്തെി പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കണ്ടത്തൊനായില്ല. പഴയ സ്വര്‍ണം വില്‍ക്കുന്ന കടയില്‍നിന്ന് 1350 ഗ്രാം 916 സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വില്‍പന ആരംഭിച്ചപ്പോള്‍ 1506 ഗ്രാം സ്വര്‍ണമുണ്ടായിരുന്നു. ഇതില്‍ 17 ഗ്രാം മാത്രമാണ് വിറ്റതെന്ന് അരുണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ളക്സിലെ 40ഓളം സ്വര്‍ണക്കടകളിലും പഴയ സ്വര്‍ണാഭരണങ്ങളാണ് കൂടുതലും വില്‍ക്കുന്നത്. അതിനാല്‍, മറ്റു കടകളെപ്പോലെ സ്വര്‍ണാഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കാറില്ല. ഉപഭോക്താക്കള്‍ എത്തുമ്പോള്‍ സ്വര്‍ണം സൂക്ഷിക്കുന്ന ബോക്സ് പുറത്തെടുത്ത് കാണിക്കുകയാണ് പതിവ്. തിരക്കേറിയസമയത്ത് നടത്തിയ മോഷണത്തിനുപിന്നില്‍ തമിഴ്നാട് സ്വദേശിയാണെന്ന് പൊലീസ് സംശയിക്കുന്നു. ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.