കോയമ്പത്തൂര്‍ മലയാളികള്‍ക്ക് നാട്ടിലേക്ക് ദുരിതയാത്ര

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ മേഖലയിലെ പ്രവാസി മലയാളികള്‍ക്ക് ഓണക്കാലത്തെ നാട്ടിലേക്കുള്ള യാത്ര ദുരിതമാവുന്നു. നാട്ടിലത്തെിപ്പെടാന്‍ ട്രെയിനുകളിലും സ്വകാര്യ ഓമ്നി വാഹനങ്ങള്‍, സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ തുടങ്ങിയവയിലും സീറ്റുകളുറപ്പിക്കാന്‍ മലയാളികള്‍ നെട്ടോട്ടമോടുകയാണ്. പത്ത് ലക്ഷത്തോളം മലയാളികള്‍ വസിക്കുന്ന കോയമ്പത്തൂരില്‍നിന്ന് കേരളത്തിലേക്ക് മതിയായ ദീര്‍ഘദൂര ബസ് സര്‍വിസുകളില്ല.

രാത്രിയില്‍ വിരലിലെണ്ണാവുന്ന ട്രെയിന്‍ സര്‍വിസുകളാണുള്ളത്. തിരുവോണം വെള്ളിയാഴ്ചയായതിനാല്‍ ഇക്കുറി തമിഴ്നാട്ടില്‍ തുടര്‍ച്ചയായി മൂന്നുദിവസത്തെ അവധിയും ലഭിച്ചു. കോയമ്പത്തൂര്‍ ഉക്കടം, ഗാന്ധിപുരം ബസ്സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കേരളത്തിലേക്കുള്ള യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ മുപ്പതോളം ദീര്‍ഘദൂര സര്‍വിസുകളാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്കുള്ളത്. ഇതില്‍തന്നെ മലബാറിലേക്കുള്ള  സര്‍വിസുകള്‍ നാമമാത്രമാണ്. കോയമ്പത്തൂര്‍ ജങ്ഷന്‍ വഴി കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വിസുകള്‍ കുറച്ചതും യാത്രാക്ളേശം വര്‍ധിപ്പിച്ചിരിക്കുകയാണ്.

സ്വകാര്യ ഓമ്നി, ടൂറിസ്റ്റ് ബസ് സര്‍വിസുകളാണ് മറുനാടന്‍ മലയാളികളുടെ യാത്രാക്ളേശത്തിന് ഒരളവുവരെയെങ്കിലും പരിഹാരമാവുന്നത് .
കോയമ്പത്തൂരില്‍നിന്ന് ദിവസവും നൂറിലധികം സ്വകാര്യ ബസുകള്‍ കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്. വന്‍ തുകയാണ് ടിക്കറ്റിന് ഈടാക്കുന്നതെങ്കിലും ഇവയിലും സീറ്റ് കിട്ടാന്‍ ഏറെ ബുദ്ധിമുട്ടാണ്.  

കോയമ്പത്തൂര്‍^പാലക്കാട് ദേശീയപാതയിലെ മധുക്കര മുതല്‍ വാളയാര്‍ വരെ 12 കിലോമീറ്റര്‍ റോഡ് കുണ്ടുംകുഴിയുമായി കിടക്കുന്നതിനാല്‍ ഈ ദുരിതവും താണ്ടിവേണം മലയാളിക്ക് ഓണം ആഘോഷിക്കാന്‍. പാലക്കാട്^കോയമ്പത്തൂര്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വിസ് വന്‍ ലാഭം തരുന്ന റൂട്ടാണെങ്കിലും ഓരോ വര്‍ഷവും കെ.എസ്.ആര്‍.ടി.സി ബസുകള്‍ വെട്ടിക്കുറക്കുന്നതും യാത്രാദുരിതം ഇരട്ടിപ്പിക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.