സ്വാശ്രയ മെഡിക്കല്‍ കോളജ് കരാര്‍: സര്‍ക്കാര്‍ വിശദീകരണം നല്‍കണം -ഹൈകോടതി


കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാറിലേര്‍പ്പെടാത്തത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈകോടതി. സെപ്റ്റംബര്‍ മൂന്നിനകം വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
സര്‍ക്കാറുമായി കരാറിലേര്‍പ്പെടാത്തതുമൂലം എം.ബി.ബി.എസ് മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശം മുടങ്ങിയെന്നാരോപിച്ച് പ്രവേശപ്പട്ടികയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം സ്വദേശിനി അഞ്ജു എം. വര്‍ഗീസ് എന്ന വിദ്യാര്‍ഥിനിയാണ് ഹൈകോടതിയെ സമീപിച്ചത്. കേരള പ്രഫഷനല്‍ കോളജ് ആക്ട് 2006 അനുസരിച്ച് സ്വാശ്രയ കോളജുകള്‍ സര്‍ക്കാറുമായി കരാറിലേര്‍പ്പെടണം. എന്നാല്‍, ഈ വര്‍ഷം ഇത്തരത്തില്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ല. ഇതു മൂലം 3694ാം റാങ്കുകാരിയായ തനിക്ക് പ്രവേശം ലഭിച്ചിട്ടില്ളെന്നും ഹരജിക്കാരി അറിയിച്ചു. 2015 സെപ്റ്റംബറില്‍ ഫസ്റ്റ് സെമസ്റ്റര്‍ ക്ളാസ് ആരംഭിക്കേണ്ടതാണെന്നും അതിനാല്‍ എത്രയുംവേഗം പ്രവേശനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, എന്‍ട്രന്‍സ് കമീഷണര്‍, പരിയാരം മെഡിക്കല്‍ സയന്‍സ് അക്കാദമി, സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയുള്ള ഹരജി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.