കോട്ടയം: തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി പോകുന്ന തിരുവോണത്തോണിക്കുള്ള അകമ്പടിത്തോണി കുമാരനല്ലൂരിലെ മങ്ങാട്ടുകടവില്‍നിന്ന് യാത്രതിരിച്ചു. മങ്ങാട്ട് നാരായണ ഭട്ടതിരിയുടെ ചുരുളന്‍വള്ളത്തെ തിങ്കളാഴ്ച ഉച്ചക്ക് നാട്ടുകാരും ജനപ്രതിനിധികളുമടങ്ങുന്ന വന്‍ജനാവലി യാത്രയാക്കി. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ വാളംപറമ്പില്‍, കൗണ്‍സിലര്‍ ശ്രീകല ചടങ്ങിനത്തെി. 65കാരനായ ഭട്ടതിരിക്കിത് 17ാമത് ഊഴമാണ്.
കാട്ടൂര്‍കരയിലെ 18 തറവാട്ടുകാരും മങ്ങാട്ട് ഭട്ടതിരിയും നാലു തുഴച്ചില്‍കാരും ചുരുളന്‍ വള്ളത്തിലുണ്ട്. കുമാരനല്ലൂരില്‍നിന്ന് കാട്ടൂര്‍ കടവുവരെ ചുരുളന്‍ വള്ളത്തിലത്തെി അവിടെ നിന്ന് തിരുവോണത്തോണിയിലാണ് യാത്ര. ഇതോടെ കുമാരനല്ലൂരില്‍നിന്നുള്ള വള്ളം അകമ്പടിയായി മാറും. മീനച്ചിലാര്‍ വഴി കൊടൂരാറ്റിലത്തെി ആര്‍. ബ്ളോക്കിലൂടെ കടന്ന് ബുധനാഴ്ച രാവിലെ തിരുവല്ല മൂവടത്തുമഠത്തിലും അവിടെ നിന്ന് പമ്പയാറ്റിലൂടെ പൂരാട സന്ധ്യയില്‍ ആറന്മുള സത്രക്കടവിലുമത്തെും. ക്ഷേത്രത്തില്‍ കയറാതെ രാത്രി സത്രത്തില്‍ വിശ്രമിച്ച ശേഷം ഉത്രാട പുലര്‍ച്ചെ കാട്ടൂരിലേക്ക് തിരിക്കും. അകമ്പടിത്തോണിയില്‍ ഭട്ടതിരി കാട്ടൂര്‍ വരെയാണ് യാത്ര ചെയ്യുന്നത്.
കാട്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉച്ചപൂജയില്‍ പങ്കെടുത്ത ശേഷം വൈകീട്ട് കരക്കാര്‍ ഓണവിഭവങ്ങള്‍ ഒരുക്കിവെക്കുന്ന തിരുവോണത്തോണി നയിക്കുന്നത് മങ്ങാട്ട് ഭട്ടതിരിയാണ്. ആറന്മുള ദേശവഴികളിലെ പള്ളിയോടങ്ങളുടെ അകമ്പടിയോടെയാണ് വഞ്ചിപ്പാട്ടിന്‍െറ താളമേളത്തില്‍ ജലഘോഷയാത്ര. കാട്ടൂരില്‍നിന്ന് തിരുവോണദിവസം പുലര്‍ച്ചെ പാര്‍ഥസാരഥി ക്ഷേത്രക്കടവിലത്തെുന്ന തിരുവോണത്തോണിയില്‍നിന്ന് ഓണവിഭവങ്ങള്‍ ഭട്ടതിരിയുടെ നേതൃത്വത്തില്‍ ഭഗവാന് സമര്‍പ്പിക്കും. കാട്ടൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്ന് തിരുവോണത്തോണിയില്‍ കൊണ്ടുവരുന്ന ഭദ്രദീപം ആറന്മുള ശ്രീകോവിലിലെ വിളക്കിലേക്ക് പകരും. തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന നാരായണ ഭട്ടതിരി അത്താഴപൂജക്കു ശേഷം ചെലവുമിച്ചം പണക്കിഴി ഭഗവാന്‍െറ ഭണ്ഡാരത്തില്‍ സമര്‍പ്പിച്ച ശേഷമാണ് കുമാരനല്ലൂര്‍ക്ക് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.