തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ 24ന്; പുതിയ ഭരണസമിതി ഡിസംബര്‍ ഒന്നിന്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 24ന് ഒറ്റഘട്ടമായി നടത്താന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുംവിധമാകും തെരഞ്ഞെടുപ്പ് സമയക്രമീകരണം. ഇതുസംബന്ധിച്ച സത്യവാങ്മൂലം അടുത്തമാസം മൂന്നിന് ഹൈകോടതിയില്‍ സമര്‍പ്പിക്കും.

സര്‍ക്കാര്‍നിലപാടിനെ എതിര്‍ക്കില്ളെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് യോഗത്തില്‍ അറിയിച്ചു. ഇതുസംബന്ധിച്ച ധാരണ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലും ഉരുത്തിരിയുകയായിരുന്നു. പുതിയതായി രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പറേഷനിലും 28 മുനിസിപ്പാലിറ്റികളിലും ഉള്‍പ്പെടെ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താവുന്ന തരത്തിലുള്ള ഷെഡ്യൂള്‍ ആണ് സര്‍ക്കാര്‍ തയാറാക്കിയത്. നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നത് ഒക്ടോബര്‍ 31നാണ്. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന  ഡിസംബര്‍ ഒന്നുവരെ ഒരുമാസം തദ്ദേശസ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തും.

ഇക്കാര്യവും സത്യവാങ്മൂലത്തിലൂടെ ഹൈകോടതിയെ അറിയിക്കും. സര്‍ക്കാര്‍ തീരുമാനമനുസരിച്ചുള്ള കാര്യങ്ങള്‍ ഹൈകോടതിയെ അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സമ്മതിച്ചതായി മുന്നണിയോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കണ്‍വീനര്‍ പി.പി. തങ്കച്ചനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്തമാസം മൂന്നിന് ഹൈകോടതിയില്‍നിന്ന് മാത്രമേ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവെച്ചാല്‍ ആശയക്കുഴപ്പങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞദിവസത്തെ ചര്‍ച്ചയില്‍ കമീഷനെ ബോധ്യപ്പെടുത്തിയതായി മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. അതിന്‍െറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് സമയക്രമം സര്‍ക്കാര്‍ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.