തെര.കമ്മീഷണറെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ വിളിച്ച് താന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്കിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ ഞാനോ തെരഞ്ഞെടുപ്പ് കമ്മീഷണറെ എന്‍െറയോ മുഖ്യമന്ത്രിയുടെയോ ചേംബറില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയിട്ടില്ല. കമ്മീഷനുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സര്‍ക്കാറിന്‍െറ ഭാഗം ഞാന്‍ ശക്തമായി തന്നെ വിശദമാക്കിയിട്ടുണ്ട്. അതുപറയാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമമീഷനും സര്‍ക്കാറും തമ്മില്‍ തദ്ദേശ ഭരണസ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ നടത്തിപ്പ് കാര്യത്തില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. ഇക്കാര്യം ഹൈകോടതിയില്‍ ഇതുമായി നടന്ന കേസിന്‍െറ വാദത്തിനിടയില്‍ തന്നെ ബോധ്യപ്പെട്ടതാണ്. എന്നാല്‍ ഇന്നലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പു കമ്മീഷണറുമായുള്ള ചര്‍ച്ചയില്‍ ഒരു സമവായം ഉണ്ടാവുകയാണ് ചെയ്തത്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷണറെ ശാസിച്ച മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരവും ഭരണഘടനാ ലംഘനവുമാണെന്നും വി.എസ് പറഞ്ഞിരുന്നു. ഇതിന്‍െറ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയെ പ്രതികരണം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.