തിരുവനന്തപുരം: പുതുതായി നിലവില്‍ വന്ന സാങ്കേതിക സര്‍വകലാശാലയുടെ ആദ്യബാച്ചിലേക്ക് 40283 വിദ്യാര്‍ഥികള്‍. സര്‍വകലാശാലക്കുകീഴില്‍ വരുന്ന 152 എന്‍ജിനീയറിങ് കോളജുകളിലെ വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായപ്പോഴാണ് ഈ കണക്ക്. രണ്ട് കോളജുകളില്‍ നിന്ന് ഏതാനും വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ കൂടി നടത്താന്‍ സര്‍വകലാശാല സാവകാശം അനുവദിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുമ്പോള്‍ എണ്ണത്തില്‍ നേരിയ വര്‍ധന വന്നേക്കാമെന്ന് പ്രോ വൈസ്ചാന്‍സലര്‍ ഡോ.എം. അബ്ദുറഹിമാന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സര്‍വകലാശാലക്ക് കീഴില്‍ വരുന്ന എന്‍ജിനീയറിങ് കോളജുകളില്‍ ആകെ 58123 ബി.ടെക് സീറ്റുകളാണുള്ളത്. ഇതില്‍ ഒഴിഞ്ഞുകിടക്കുന്നത് 17840 സീറ്റുകളാണ്. കഴിഞ്ഞവര്‍ഷത്തെഅപേക്ഷിച്ച് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം ഇത്തവണ കുറവാണ്. കാല്‍ലക്ഷത്തോളം സീറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നത്. എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന് മാത്രമായി സര്‍വകലാശാല വന്നതാണ് പ്രവേശത്തിലുണ്ടായ വര്‍ധനക്ക് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. മാനേജ്മെന്‍റ് സീറ്റിലെ പ്രവേശയോഗ്യതയില്‍ ഇളവുവരുത്തിയതും ഒഴിവ് വരുന്ന സീറ്റുകളുടെ എണ്ണം കുറക്കാന്‍ ഇടയാക്കി.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ 70 ശതമാനവും സ്വകാര്യ സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റുകളാണ്. മാനേജ്മെന്‍റ് സീറ്റുകളില്‍ 70 ശതമാനത്തിലധികവും പ്രവേശം നടന്നു. സമീകാലം വരെ ഏറെ പ്രിയമുണ്ടായിരുന്ന ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നിവയിലാണ് ഇത്തവണ പ്രവേശം കുറവ്. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളില്‍ മെറിറ്റ് സീറ്റുകള്‍പോലും ഇവയില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ പ്രവേശം നേടിയത് മെക്കാനിക്കല്‍, സിവില്‍ ബ്രാഞ്ചുകളിലാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ആകെയുള്ള 11365 സീറ്റുകളില്‍ 95 ശതമാനത്തിലും പ്രവേശം നടന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ 10362 സീറ്റുകളില്‍ 90 ശതമാനത്തിന് മുകളില്‍ പ്രവേശം നടന്നു. മൂന്നാംസ്ഥാനത്ത് കമ്പ്യൂട്ടര്‍ സയന്‍സാണ്. ഇതര സര്‍വകലാശാലകള്‍ നേരിട്ട് നടത്തുന്ന എന്‍ജിനീയറിങ് കോളജുകള്‍ മാത്രമാണ് സാങ്കേതികസര്‍വകലാശാലയുടെ പരിധിയില്‍ വരാത്തത്. ഈ കോളജുകള്‍ പഴയ സര്‍വകലാശാലകള്‍ക്ക് കീഴില്‍ തന്നെ തുടരും. സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ ആദ്യ എം.ടെക് ബാച്ചിലേക്കുള്ള പ്രവേശം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.