ലൈറ്റ് മെട്രോക്ക് ഉദ്യോഗസ്ഥര്‍ തുരങ്കംവെക്കുന്നു -ഇ. ശ്രീധരന്‍

കോഴിക്കോട്:  തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതി വൈകിപ്പിക്കുന്നതിനെതിരെ ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാറിനെതിരെയും രൂക്ഷവിമര്‍ശവുമായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍. സര്‍ക്കാറിനെ  ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പദ്ധതി വേണമെന്ന് പറയുമ്പോഴും  സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് 10 മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം പറയുന്നില്ല. ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ ഭയപ്പെടുത്തുകയാണെന്നും ഇത് സര്‍ക്കാറില്‍ സമ്മര്‍ദമുണ്ടാക്കുകയാണെന്നും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് കോഴിക്കോട് ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച മുഖാംമുഖം പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.  10 മാസമായി കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോക്കായി ഓഫിസ് തുറന്ന് കാത്തിരിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളയിനത്തില്‍ മാത്രം ഡി.എം.ആര്‍.സിക്ക് ചെലവായത് 90 ലക്ഷം രൂപയാണ്. ഇനിയും തീരുമാനമാകാത്തതിനാലാണ് ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ ഡി.എം.ആര്‍.സിയുടെ ഉന്നതതലത്തില്‍നിന്ന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. മോണോ റെയില്‍ പദ്ധതിയുടെ പകുതി ചെലവുമാത്രം വരുന്നതിനാലാണ് ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. 10 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ ലൈറ്റ് മെട്രോ ആകാമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ നയവും കേരളത്തിന് അനുകൂലമാണ്. ലൈറ്റ് മെട്രോക്കായി 2014 ഒക്ടോബറില്‍  ഡി.എം.ആര്‍.സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.  തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പദ്ധതികള്‍  ഒന്നിച്ച് നടപ്പാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഡി.എം.ആര്‍.സി നിര്‍ദേശിച്ചത്. പിന്നീട് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ  വായ്പ പദ്ധതിയും സമര്‍പ്പിച്ചു. സ്പെഷല്‍ ടേംസ് ഫോര്‍ ഇക്കോണമിക് പാര്‍ട്ണര്‍ഷിപ് (സ്റ്റെപ് ലോണ്‍) വായ്പയാണ് അവര്‍ വാഗ്ദാനം ചെയ്തത്.  10 വര്‍ഷത്തെ മൊറട്ടോറിയത്തോടെ ലളിതമായ വ്യവസ്ഥകളായിരുന്നു ഇത്.  എന്നാല്‍, ഇക്കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുത്തില്ല.  6728 കോടി രൂപയാണ് രണ്ടു ലൈറ്റ് മെട്രോയുടെയും ആകെ പദ്ധതി ചെലവ്. ഇതില്‍ 85 ശതമാനം ജൈക്ക വായ്പയാണ.് ശേഷിച്ച 876 കോടി രൂപ കേന്ദ്രവും 1168 കോടി രൂപ സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കേണ്ടത്. ലൈറ്റ് മെട്രോ പദ്ധതി നടപ്പാകുമോ എന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഡി.എം.ആര്‍.സി ഇപ്പോഴും എന്തിനും തയാറാണ്. എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവരാത്തതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല.  ഡി.എം.ആര്‍.സി തന്നെ വേണമോ എന്നാണ് സര്‍ക്കാറിനോട് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനുള്ള സാങ്കേതിക വിദ്യയുള്ള ഇന്ത്യയിലെ ഒരേയൊരു കമ്പനി ഡി.എം.ആര്‍.സി ആണെന്നതുകൊണ്ടാണ് പദ്ധതി ഏറ്റെടുത്തത്. താന്‍ ഇവിടെ തന്നെയുള്ളതിനാലാണ് ഡി.എം.ആര്‍.സിയും ഇതില്‍ താല്‍പര്യമെടുത്തത്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ പ്രായോഗിക നിലപാടുണ്ടെങ്കിലും അദ്ദേഹത്തിന് ചര്‍ച്ച നടത്താന്‍ സമയം ലഭിക്കുന്നില്ല. ലൈറ്റ് മെട്രോ വന്നേ തീരൂവെന്നും ഇപ്പോഴുണ്ടായ അനിശ്ചിതത്വത്തിന് കാരണം സര്‍ക്കാര്‍ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ചേംബര്‍ പ്രസിഡന്‍റ് സി. മോഹന്‍, കെ.വി. ഹസീബ് അഹമ്മദ്, എ. ശ്യാം സുന്ദര്‍, എം.എ. മെഹബൂബ് എന്നിവര്‍ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.