ബാര്‍കോഴ: സുപ്രീംകോടതി അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതിന്‍െറ സാധുത എന്തെന്ന് കോടതി

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയതിന്‍െറ സാധുത എന്തെന്ന് വിജിലന്‍സ് കോടതി. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശ ചെയ്യുന്ന വസ്തുത റിപ്പോര്‍ട്ടിനുശേഷം എന്ത് അന്വേഷണം നടന്നുവെന്നും കോടതി ആരാഞ്ഞു. ബാര്‍കോഴ കേസില്‍ സമര്‍പ്പിക്കപ്പെട്ട തുടരന്വേഷണ ഹരജികളില്‍ ആം ആദ്മിയും ബി.ജെ.പിയും മാത്രമാണ് ശനിയാഴ്ച വാദം നടത്തിയത്. കേസില്‍ ആക്ഷേപം സമര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പ്രധാനസാക്ഷി ബിജു രമേശിനും കോടതി സാവകാശം അനുവദിച്ചു. ഇരുവരും സമര്‍പ്പിക്കുന്ന ആക്ഷേപവും മറ്റ് തുടരന്വേഷണ ഹരജികളിലെ വാദവും സെപ്റ്റംബര്‍ പത്തിന് പരിഗണിക്കും,
ബാര്‍കോഴ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മിയും ബി.ജെ.പിയും സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കവെയാണ്  കോടതി നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയത്.

അന്വേഷണഘട്ടത്തില്‍ സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയതിന്‍െറ സാധുത എന്തെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിനായില്ല. ഭരണഘടന പദവിയിലുള്ള അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ അഭിഭാഷകരെ മറികടന്നത് എന്തിനാണെന്നും ജഡ്ജി ജോണ്‍.കെ. ഇല്ലിക്കാടന്‍ ചോദിച്ചു. സുപ്രീംകോടതിയില്‍ സംസ്ഥാനത്തിന്‍െറ സ്റ്റാന്‍ഡിങ്ങ് കോണ്‍സലായ അഡ്വ. രമേശ് ബാബുവാണ് അഭിഭാഷകരെ സമീപിച്ചതെന്ന് കേസ് ഡയറിയില്‍ പരാമര്‍ശമുണ്ട്. എന്നാല്‍, ഇതിനുള്ള തീരുമാനം ആരുടേതാണെന്ന്  കേസ് ഡയറി വിശദമായി പരിശോധിച്ചശേഷം വ്യക്തമാക്കണം- കോടതി ആവശ്യപ്പെട്ടു. മാണിക്കെതിരെ തെളിവുകള്‍ അപര്യാപ്തമാണെന്നാണ് സുപ്രീംകോടതി അഭിഭാഷകരായ മോഹന്‍ പാരശരനും നാഗേശ്വര റാവും വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയത്.

മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ശിപാര്‍ശ ചെയ്യുന്ന വസ്തുത റിപ്പോര്‍ട്ടിനും കേസ് അവസാനിപ്പിക്കണമെന്ന അന്തിമ റിപ്പോര്‍ട്ടിനുമിടയില്‍ എന്ത് അന്വേഷണം നടന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍െറ മുന്‍ തീരുമാനം മാറ്റുന്നതിന് തക്കതായ എന്തെങ്കിലും പുതിയ സാഹചര്യം കണ്ടത്തെിയോയെന്നും കൈക്കൂലി കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രം മതിയോയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. ശക്തമായ സാഹചര്യത്തെളിവുകള്‍ പര്യാപ്തമാണെന്ന സുപ്രീംകോടതി ഉത്തരവ് ആം അദ്മി അഭിഭാഷകന്‍ അജിത്ത് ജോയി ചൂണ്ടിക്കാട്ടി. ഇതിന് പുറമെ കുറ്റപത്രം സമര്‍പ്പിക്കണോ വേണ്ടയോയെന്നത് അന്വേഷണ ഉദ്യോഗസ്ഥന്‍െറ തീരുമാനമാണെന്ന് വ്യക്തമാക്കുന്ന സുപ്രീംകോടതി ഉത്തരവുകളും കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.

ബാര്‍ കോഴ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍െറ അധികാരം മേലുദ്യോഗസ്ഥന്‍ എന്ന അധികാരം ഉപയോഗിച്ച് കവര്‍ന്നെന്നും മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍െറ നിലപാട് അട്ടിമറിച്ചുവെന്നും അഭിഭാഷകന്‍ ആരോപിച്ചു. അന്തിമ റിപ്പോര്‍ട്ടിലുള്ളത് ഡയറക്ടറുടെ അഭിപ്രായമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടില്ളെങ്കിലും വസ്തുത റിപ്പോര്‍ട്ടില്‍നിന്ന് കടകവിരുദ്ധമായുള്ള അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത് ഡയറക്ടറുടെ നിര്‍ദേശാനുസരണമാണെന്നും അദ്ദേഹം വാദിച്ചു. ത്വരിത അന്വേഷണഘട്ടത്തില്‍ മാണിക്ക് കോഴ നല്‍കിയെന്ന് മൊഴി നല്‍കിയശേഷം മൊഴിമാറ്റിയ ബാറുടമകളെ കൂടി പ്രതി ചേര്‍ത്ത്  തുടരന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനുവേണ്ടി ഹാജരായ അഡ്വ. സന്തോഷ് ആവശ്യപ്പെടു. ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടും നിരാകരിച്ചത് അട്ടിമറിയാണെന്നായിരുന്നു വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.